360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയുമായി അറുപതുകാരൻ എക്സൈസ് പിടിയിൽ
കൽപ്പറ്റ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി വയനാട്ടിൽ വൻ കഞ്ചാവ് ചെടി പിടികൂടി. വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിൽ അമ്പലവയൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഒരാൾ അറസ്റ്റിലായത്. സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ കുറ്റികൈത – പുതുക്കാട് – മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്ത് റെജി ടി.പി. (60) ആണ് പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരമുള്ളതും 60 ഓളം ശിഖരങ്ങൾ അടങ്ങിയതുമായ കഞ്ചാവ് ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. തനിക്ക് കഞ്ചാവ് വലിക്കുന്ന ശീലമുണ്ടെന്നും, വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മുളപ്പിച്ചുണ്ടാക്കിയതാണ് ഈ ചെടിയെന്നും പ്രതി അധികൃതരോട് സമ്മതിച്ചു. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെ.യോടൊപ്പം പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ.ജി., സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് എം., അനീഷ് ഇ.എസ്., വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി., സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ. എന്നിവരും പങ്കെടുത്തു. തുടർനടപടികൾക്കായി പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.





Leave a Reply