June 14, 2026

ഓപ്പറേഷൻ തൂഫാൻ: വയനാട്ടിൽ ലഹരിവേട്ട ശക്തം; എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

0
IMG_20260614_195805
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം മഞ്ചേരി കരുവമ്പ്രം ഉള്ളാറ്റിൽ വീട്ടിൽ യു. ടി. ഹാരിസ് (34) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. കുപ്പാടിത്തറ സൊസൈറ്റിക്കവല ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളിൽ നിന്ന് 0.89 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിൽ, സീനിയർ സി.പി.ഓ മാരായ എൻ. ജെ. അരുൺ, അബ്ദുൾ റഫീഖ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

 

ജൂൺ ഒന്ന് മുതൽ 13 വരെയുള്ള കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 61 കേസുകൾ രജിസ്റ്റർ ചെയ്യുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ 0.89 ഗ്രാം എം.ഡി.എം.എ, 2.153 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് നിറച്ച 43 സിഗരറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ അതിർത്തികളിലും സ്റ്റേഷൻ പരിധികളിലും ലഹരിക്കടത്തും വിൽപ്പനയും തടയാൻ പ്രത്യേക പരിശോധനകൾ നടന്നു വരികയാണ്. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള ശക്തമായ നിയമനടപടികളിലേക്ക് പോലീസ് കടക്കും. പരിശോധനകൾക്കായി ഡ്രോണുകളും പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ നായകളും സജീവമാണ്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പോലീസ് നടപടികൾ ശക്തമാക്കുന്നത്. ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലോ അറിയിച്ച് പൊതുജനങ്ങൾക്ക് ‘തൂഫാൻ പോരാളി’ ആകാവുന്നതാണെന്നും വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *