ഷിഗെല്ല: വിവിധ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
കല്പറ്റ: സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മാർ ബസേലിയോസ് എയുപി സ്കൂളിലെ കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗ തീരുമാനത്തിന്റെയും കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 സെക്ഷൻ 42-ന്റെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെയിൻമെന്റ് നടപടി.
ഉത്തരവ് പ്രകാരം രോഗബാധ സ്ഥിരീകരിച്ച കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിനുള്ള അവധി 21.06.2026 വരെ തുടരും. ഇതിനുപുറമേ, നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലെ ചീരാൽ എയുപിഎസ്, പഴൂർ സെന്റ് ആന്റണീസ് എയുപിഎസ്, പുത്തൻകുന്ന് സെന്റ് തോമസ് എഎൽപിഎസ്, തേജസ് നഴ്സറി സ്കൂൾ, ചീരാൽ ഹയർ സെക്കണ്ടറി സ്കൂൾ, ആനപ്പാറ ഗവ. ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങൾക്കും സുൽത്താൻബത്തേരി നഗരസഭയിലെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ (ഹൈസ്കൂൾ ഉൾപ്പെടെ), കുപ്പാടി ഹൈസ്കൂൾ, ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂൾ, ചേനാട് ഗവ. ഹൈസ്കൂൾ എന്നിവയ്ക്കും അവധിയായിരിക്കും. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം മർക്കസ് പബ്ലിക് സ്കൂൾ, മറ്റ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യാസ വിദ്യാമന്ദിർ, സെവൻത്ത് ഡേ എന്നീ സ്കൂളുകൾക്കും 17.06.2026 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും തങ്ങൾ ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ അംഗീകൃത എൻ.എ.ബി (NAB) ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കളക്ടർ കർശന നിർദേശം നൽകി. ഇതുവരെ പരിശോധന നടത്താത്ത സ്കൂളുകൾ അടിയന്തരമായി അത് പൂർത്തിയാക്കേണ്ടതാണെന്നും ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് തുടർനടപടികൾക്കായി ഈ ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.





Leave a Reply