ബഡ്ജറ്റിൽ ജീവനക്കാർക്ക് കടുത്ത നിരാശ; ‘വിസ്മയം’ വെറും പാഴ് വാക്കായി എന്ന് കേരള എൻ ജി ഒ സംഘ്
കല്പറ്റ: ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ജീവനക്കാരുടെ പ്രതീക്ഷകളെ പൂർണ്ണമായും തകർക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റെന്ന് കേരള എൻ ജി ഒ സംഘ് ആരോപിച്ചു. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ഉയർന്നുകേട്ട ‘വിസ്മയ’ പ്രഖ്യാപനങ്ങളെല്ലാം വെറും പാഴ് വാക്കുകളായി മാറിയിരിക്കുകയാണ്. വർഷങ്ങളായി കുടിശ്ശികയായി കിടക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നുപോലും അനുവദിക്കാതെ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവിൽ ജീവനക്കാർക്ക് ലഭിക്കാനുള്ള ഒന്നിലധികം ഗഡു ഡി.എ കുടിശ്ശികകളെക്കുറിച്ച് ബഡ്ജറ്റിൽ വ്യക്തമായൊരു തിരുമാനവും ഉണ്ടായില്ല. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്ന കാര്യത്തിലും ജീവനക്കാർക്ക് നിരാശ മാത്രമാണ് ഫലം. വിലക്കയറ്റം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അതിന്റെ ആഘാതം നേരിടാൻ ജീവനക്കാർക്ക് നൽകേണ്ട നിയമപരമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്നത് ക്രൂരതയാണെന്നും സംഘടന കുറ്റപ്പെടുത്തി. ബഡ്ജറ്റിൽ ജീവനക്കാരെ വഞ്ചിച്ചതിനെതിരെ വയനാട് ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണ എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി പി ബ്രിജേഷ്, എം.കെ പ്രസാദ്, വി.കെ ഭാസ്കരൻ, ടി.ജെ മനേഷ്, സ്മിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply