കാട്ടിക്കുളത്ത് ജൂലൈ 7ന് കർഷക കൺവെൻഷൻ; സംഘാടക സമിതി രൂപീകരിച്ചു
കാട്ടിക്കുളം: ജില്ലയിലെ ജനവാസ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളിൽനിന്ന് ഒഴിവാക്കണമെന്ന മുൻഎൽഡിഎഫ് സർക്കാരിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും കർഷക സംഘത്തിന്റെയും പി സുന്ദരയ്യാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ജൂലൈ ഏഴിന് കാട്ടിക്കുളത്ത് കർഷക കൺവൻഷനും സെമിനാറും സംഘടിപ്പിക്കുന്നു. സമരപരിപാടികളുൾപ്പെടെ ആവിഷ്‌കരിക്കും. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് സുന്ദരയ്യാ ട്രസ്റ്റും കർഷക സംഘവും തിരുനെല്ലി പഞ്ചായത്തും ചേർന്ന് നടത്തിയ സർവേയുടെ റിപ്പോർട്ടും ചടങ്ങിൽ പ്രകാശിപ്പിക്കും. അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വയനാട്, ഇടുക്കി ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതിലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് എൽഡിഎഫ് സർക്കാർ കേന്ദ്ര വിദഗ്‌ധസമിതിയോട് ആവശ്യപ്പെട്ടത്. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവ സംരക്ഷിച്ച് വനമേഖലകളെ മാത്രം പരിസ്ഥിതി ലോല മേഖലകളിൽ(ഇഎസ്‌ഐ) ഉൾപ്പെടുത്തിയാൽ മതിയെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ ഫീൽഡ് സർവേപോലും നടത്താതെ വിദഗ്‌ധ സമിതി ഇൗ നിർദേശം തള്ളി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്. ഇങ്ങനെ വിജ്ഞാപനം ഇറങ്ങിയാൽ വയനാടിനെ ഗുരുതരമായി ബാധിക്കും. നിരവധി പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാകും. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തമായി ഇടപെട്ട് കേന്ദ്ര നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കർഷകസംഘം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയുൾപ്പെടെയുള്ളവർ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മുൻമന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെകട്ടറി സി ജി പ്രത്യുഷ് വിശദീകരിച്ചു. കെ എം വർക്കി, ടി കെ പുഷ്പൻ, പി വി ബാലകൃഷ്ണൻ, എൻ എം ആന്റണി, പി ആർ ഷിബു, കെ സൈനബ, സി കെ ശങ്കരൻ, ടി സി ജോസ് എന്നിവർ സംസാരിച്ചു സണ്ണി ജോർജ് സ്വാഗതവും കെ സിജിത്ത് നന്ദിയും പറഞ്ഞു . ഭാരവാഹികൾ: അഞ്ജു ബാലൻ(ചെയർപേഴ്‌സൺ), സണ്ണി ജോർജ്(കൺവീനർ), സി കെ ശങ്കരൻ(ട്രഷറർ).





Leave a Reply