മാനന്തവാടി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: എസ്.ഡി.പി.ഐ
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാഷ്വാലിറ്റിയിൽ നിന്ന് വാർഡുകളിലേക്കും എക്‌സ്-റേ ഉൾപ്പെടെയുള്ള പരിശോധനാ വിഭാഗങ്ങളിലേക്കും രോഗികളെ മാറ്റുമ്പോൾ മഴയും വെയിലും ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും, രോഗികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സംരക്ഷിത നടപ്പാതയോ മതിയായ മേൽക്കൂരയോ നിർമ്മിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡുകളിൽ കുടിക്കാനും കുളിക്കാനും ആവശ്യമായ ശുദ്ധമായ ചൂടുവെള്ളം ലഭ്യമാക്കണമെന്നും, കൂറ, കൊതുക് എന്നിവകളുടെ സാന്നിധ്യം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പ്രാണി നശീകരണ നടപടികളും ശക്തമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. രോഗികൾക്ക് മാന്യവും സുരക്ഷിതവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കേണ്ടത് ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ കോളേജ് അധികൃതരുടെയും ഉത്തരവാദിത്തമാണെന്നും, ഇക്കാര്യങ്ങളിൽ അടിയന്തര ഇടപെടൽ നടത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മണ്ഡലം കമ്മിറ്റി കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ മഹ്‌റൂഫ്, ജില്ലാ സെക്രട്ടറിമാരായ സൽമ അഷ്‌റഫ്, എസ് മുനീർ, ജില്ലാ പ്രവർത്തക സമിതിയംഗം ടി കെ അബ്ദുസമദ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ട്രഷറർ ഷുഹൈബ് ടി കെ, കമ്മിറ്റിയംഗങ്ങളായ സാദിഖ് വി, ഖദീജ ടി, വിവിധ പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദലി വി കെ, കരീം കെ, ശംസുദ്ധീൻ സി എച്ച്, മുസ്തഫ കെ, നൗഷാദ് കെ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply