തിരുനെല്ലി ദേവസ്വം ജീവനക്കാരുടെ മർദനം: മൂന്ന് പേർക്ക് സസ്പെൻഷൻ
മാനന്തവാടി: തിരുനെല്ലിയിലെ സ്വകാര്യ റിസോർട്ടിൽ ദേവസ്വം ജീവനക്കാർ നടത്തിയ അക്രമ സംഭവത്തിൽ കർശന നടപടിയുമായി മലബാർ ദേവസ്വം ബോർഡ്. സംഭവത്തിൽ പങ്കുള്ള മുഴുവൻ പേർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ കെ.പി അറിയിച്ചു. ക്ഷേത്രത്തിന് അപകീർത്തിമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ ജീവനക്കാരായ എ.ടി. കൃഷ്ണമോഹനൻ, എ.സി. വിജയചന്ദ്രൻ, സൂരജ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 27-നാണ് തിരുനെല്ലി നിട്ടറ പാലത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ കേസിനാസ്പദമായ സംഭവം നടന്നത്. ജീവനക്കാർ റിസോർട്ടിൽ അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ അടിയന്തര നടപടി. വിഷയവുമായി ബന്ധപ്പെട്ട് മറ്റ് ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ താൽക്കാലിക ചാർജ് വഹിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ കെ.പി വ്യക്തമാക്കി.





Leave a Reply