“അമ്പിളി മാമനാണ് ലഹരി”: ബഹിരാകാശ വിസ്മയം തീർത്ത് സ്കൂൾ വിദ്യാർത്ഥികൾ
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി സെന്റ്തോമസ് എ യു പി സ്കൂളിൽ ലഹരിക്കെതിരെ ശാസ്ത്ര ബോധത്തിന്റെ പുതിയ സന്ദേശവുമായി വിദ്യാർത്ഥികൾ അണിനിരന്നു. സ്കൂളിൽ സംഘടിപ്പിച്ച ബഹിരാകാശ ദിനാചരണ പരിപാടിയിലാണ് കുരുന്നുകൾ സ്വന്തമായി നിർമ്മിച്ച റോക്കറ്റ് മാതൃകകളുമായി പങ്കെടുത്തത്. “അമ്പിളി മാമനാണ് ലഹരി” എന്ന വേറിട്ട മുദ്രാവാക്യമുയർത്തിയാണ് കുട്ടികൾ പരിപാടി ശ്രദ്ധേയമാക്കിയത്.
മൊബൈൽ ഫോണിനും ദുശ്ശീലങ്ങൾക്കും അടിമപ്പെടാതെ ശാസ്ത്രീയ അത്ഭുതങ്ങളെയും ബഹിരാകാശ ഗവേഷണങ്ങളെയും കുറിച്ച് പഠിക്കാനാണ് തങ്ങൾക്ക് താല്പര്യമെന്ന് ഇവർ തെളിയിച്ചു. ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും അന്വേഷണ ത്വരയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ, ഐ.എസ്.ആർ.ഒ (ISRO) റോക്കറ്റുകൾ എന്നിവയുടെ കടലാസ് മാതൃകകൾ കുട്ടികൾ സ്വയം നിർമ്മിച്ച് പ്രദർശിപ്പിച്ചു. സ്കൂൾ ലഹരി വിരുദ്ധ സമിതി കൺവീനർ സെബാസ്റ്റ്യൻ പി. ജെ പരിപാടിക്ക് നേതൃത്വം നൽകിയപ്പോൾ ഹെഡ്മിസ്ട്രെസ് മിനി ജോൺ ടീച്ചർ ചാന്ദ്രദിന സന്ദേശം നൽകി.





Leave a Reply