August 2, 2026

രോഗപ്രതിരോധത്തിന്റെ സന്ദേശവുമായി ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം

0
IMG_20260802_101432
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല നിർവ്വഹിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ശരിയായ ആരോഗ്യ ശീലങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും നേരത്തേയുള്ള ചികിത്സയിലൂടെയും ഹെപ്പറ്റൈറ്റിസ് സമൂഹത്തിൽ നിന്നും നിർമാർജ്ജനം ചെയ്യുക എന്നതാണ് ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് – എ പകരുന്നതെങ്കിൽ, അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നത്. ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ബി, സി വൈറസുകൾ പകരാൻ സാധ്യതയുണ്ട്.

 

വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജ്ജലീകരണം തടയുന്നതിൽ ഒ.ആർ.എസ് ലായനിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.ആർ.എസ് ദിനാചരണം ആചരിക്കുന്നത്. ഇതോടൊപ്പം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്കം മൂലമുള്ള മരണനിരക്ക് പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിനും ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ജീവൻ രക്ഷാ ലായനിയായ ഒ.ആർ.എസിനും സിങ്ക് ഗുളികകൾക്കുമൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ വെള്ളത്തിന്റെ ഉപയോഗവും ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

 

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയർ പേഴ്‌സൺ പി.കെ. സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി ആൻ്റ് എയ്ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി. ഹെപ്പറ്റൈറ്റിസ് എ , ഒ. ആർ. എസിൻ്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആര്യ വിജയകുമാറും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ കുറിച്ച് എ.ആർ.ടി മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. ജാലിബയും ക്ലാസെടുത്തു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി. എം. ഫസൽ, ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി. കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റൻ്റ് എ. ശിവദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി. കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *