August 7, 2026

ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം

0
IMG_20260807_170726
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആധാർ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസം ചേർക്കാനും സൗജന്യമായി മാറ്റം വരുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വ‍ർഷം ഡിസംബ‍ർ 31 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമേ ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കൂ. ആധാറുമായി ഇമെയിൽ ഐ.ഡി ബന്ധിപ്പിച്ചാൽ തങ്ങളുടെ ആധാർ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇതിലൂടെ സ്വന്തം ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ ചേർക്കാനും അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും കഴിയും. ഇതിന് 75 രൂപ ഫീസ് ഈടാക്കും.

 

ഇതിനുപുറമെ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനും അവസരമുണ്ട്. 2027 ജൂൺ 14 വരെയാണ് ഈ സൗജന്യം ലഭ്യമാവുക. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേഷൻ എന്ന ഓപ്ഷന്‍ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. എന്നാൽ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഫീസ് ഈ‍ടാക്കും.

 

അഞ്ച് വയസുവരെയുള്ള കുട്ടികൾക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും ആധാർ എൻറോൾമെന്റ് സൗജന്യമാണ്. അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും അഞ്ച് വയസിനും 17 വയസിനുമിടയിൽ സൗജന്യമായി ചെയ്യാനാവും. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസം മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. ആധാർ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ 1800-4251-1800 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ അല്ലെങ്കിൽ 0471-2335523 നമ്പറിലൂടെയോ സിറ്റിസൺ കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതിനുപുറമെ സംസ്ഥാന ഐ.ടി. മിഷൻ ആധാർ സെക്ഷനിൽ 0471-2525442 എന്ന നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *