മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും, വയനാട് ടൗൺഷിപ്പ് നിർമ്മാണം മന്ദഗതിയിലല്ലെന്നും മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. 110 വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് നിർമ്മാണ കരാർ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ വീടുകളുടെയും നിർമ്മാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വാർത്തകളെ തുടർന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വർക്ക് ഷെഡ്യൂൾ തയ്യാറാക്കി അതനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത ദുരന്തബാധിതരെ കൂടി അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കും. നിർമ്മാണ ജോലികളിൽ ജീവനക്കാരുടെ ദൗർലഭ്യം ഉണ്ടായിട്ടില്ലെന്നും നിലവിൽ 810 ജീവനക്കാർ അവിടെ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
178 വീടുകളുടെ താക്കോൽദാനം ഇതിനോടകം കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്നതിനാലാണ് ഇതിൽ ഒരു വീട്ടിൽ ആളുകൾ താമസിക്കാൻ വൈകിയത്. മഴക്കാലത്ത് പെൻഡിങ്ങായ പെയിന്റിങ് ജോലികളും ഇപ്പോൾ വേഗത്തിൽ കാലതാമസം കൂടാതെ പൂർത്തിയാക്കിവരുന്നു. ഡിസംബർ മാസത്തോടെ ടൗൺഷിപ്പിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും ജോലികളും പൂർത്തിയാകും.
ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധി എന്ന നിലയിൽ എല്ലാ മാസവും ഒരു ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവലോകനം നടത്തുന്നുണ്ട്. ഇതിന് പുറമെ മന്ത്രിസഭാ ഉപസമിതിയുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ അവലോകനങ്ങൾ നടത്തുന്നു. തൃപ്തികരമായ രീതിയിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പകൾ ഉൾപ്പെടെ എഴുതിത്തള്ളുന്നത് സംബന്ധിച്ച വിഷയത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും അവരോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി പ്രാധാന്യത്തോടെ സ്വീകരിക്കും. പ്രവൃത്തി പൂർത്തിയാക്കുന്നതിനനുസരിച്ച് ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടത്തും. അതും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും തമ്മിൽ ബന്ധമില്ല. സത്യസന്ധമല്ലാത്ത പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.





Leave a Reply