വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം
വൈത്തിരി: പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ രംഗത്ത്. നേരത്തെ പ്രതിമാസം 200 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2025 മുതൽ പ്രവേശനം നേടി ഹോസ്റ്റലിൽ താമസിക്കുന്നവരിൽ നിന്ന് മാസം 2,000 രൂപ വീതം വാടക ഈടാക്കാനാണ് സർവകലാശാലയുടെ തീരുമാനം. അതേസമയം, പഴയ വിദ്യാർഥികൾക്ക് നിലവിൽ ഈ വർധന ബാധകമാക്കിയിട്ടില്ല.
ഫീസ് വർധന പിൻവലിക്കുക, ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് ലഭിക്കാനുള്ള അലവൻസ് ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫിസിലേക്ക് വെവ്വേറെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ധർണ യൂനിറ്റ് സെക്രട്ടറി സി.എച്ച്. ഹുദൈഫ് ഉദ്ഘാടനം ചെയ്തു. നിവിൻ ജോർജ്, അരുൺ ചന്ദ്, അമൽ, അഭിരാമി എന്നിവർ സംസാരിച്ചു. അന്യായമായ വാടക വർധന പിൻവലിക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് വിദ്യാർഥി നേതാക്കൾ മുന്നറിയിപ്പ് നൽകി.





Leave a Reply