വയനാടിന്റെ പ്രധാന വികസന-പുനരധിവാസ പദ്ധതികളിൽ അടിയന്തര ഇടപെടൽ വേണം: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി
കൽപ്പറ്റ: വയനാടിന്റെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ടൗൺഷിപ് നിർമാണം വേഗത്തിലാക്കണമെന്നും രാത്രിയാത്രാ നിരോധം പിൻവലിക്കാൻ നടപടി വേണമെന്നും സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവച്ച തുരങ്കപാത നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പദ്ധതി അട്ടിമറിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മൂന്ന് മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. 2043.74 കോടി രൂപ ചെലവ് കണക്കാക്കി എൽഡിഎഫ് സർക്കാർ നിർമാണം ആരംഭിച്ച ഈ സ്വപ്നപദ്ധതിയെ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ ശക്തമായി എതിർത്തതാണ്. ഈ എതിർപ്പാണോ നിലവിൽ നിർമാണം പുനരാരംഭിക്കാത്തിന് കാരണമെന്ന് ന്യായമായും സംശയിക്കണം. താമരശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായ ഈ പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർമ്മാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഏറ്റെടുക്കുമെന്നും പാർട്ടി വ്യക്തമാക്കി.
അതോടൊപ്പം, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ടൗൺഷിപ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 178 കുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാർ വീടും സ്ഥലവും കൈമാറുകയും 308 വീടുകളുടെ വാർപ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും മറ്റും നിർമാണം മന്ദഗതിയിലാക്കി. കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ 86 പുതിയ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാനോ, ബാങ്ക് വായ്പ എഴുതിത്തള്ളാൻ അക്കൗണ്ടിൽ നൽകിയ പണം ഉപയോഗിച്ച് തുടർനടപടികൾ സ്വീകരിക്കാനോ, രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നടത്താനോ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല. ഈ അനാസ്ഥ അവസാനിപ്പിച്ച് പുനരധിവാസ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കണം.
കൂടാതെ, കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിലെയും മാനന്തവാടി–മൈസൂരു സംസ്ഥാന പാതയിലെയും 17 വർഷമായി തുടരുന്ന രാത്രിയാത്രാ നിരോധം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകളാണ് നിരോധനം നീളാൻ കാരണം. കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും നിലപാട് തിരുത്തിയിട്ടില്ല. രാത്രിയാത്ര നിരോധം പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പുകളിൽ പ്രസംഗിച്ച കോൺഗ്രസ് നേതാക്കൾ പിന്നീട് സുപ്രീം കോടതിയിൽ പാത 766 പൂർണമായും അടച്ചിടണമെന്ന് സത്യവാങ്മൂലം നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, മുൻ എംപി രാഹുൽ ഗാന്ധി, മന്ത്രി ടി സിദ്ദിഖ്, ജനപ്രതിനിധികൾ എന്നിവർ ഇതിന് കൂട്ടുനിൽക്കുകയാണ്. സുപ്രീം കോടതിയിലുള്ള കേസിൽ കർണാടകം അനുകൂല നിലപാട് സ്വീകരിച്ചാൽ നിരോധനം നീക്കാനാകും. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടികൾ സ്വീകരിക്കണം.





Leave a Reply