ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം: യങ് ഡെമോക്രാറ്റ്സ് പ്രതിഷേധം സംഘടിപ്പിച്ചു
മാനന്തവാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്.ഐ.ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധം എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എസ്. മുനീർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കണമെന്നും ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ആർ ഉൾപ്പെടെയുള്ള വോട്ടർപട്ടിക പരിഷ്കരണ നടപടികൾ സുതാര്യവും ജനാധിപത്യപരവുമായി നടത്തണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രതയും സംരക്ഷിക്കാൻ വിദ്യാർത്ഥി -യുവ ജനങ്ങൾ രംഗത്തിറങ്ങണമെന്നും യങ് ഡെമോക്രാറ്റ്സ് ആഹ്വാനം ചെയ്തു.
ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ, മാനന്തവാടി അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ടി. എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് കൺവീനർ അൻഷിഫ് പി., അഫ്സൽ എം., അനസ് കെ.വി., യാസിർ പി.ടി., മാനന്തവാടി അസംബ്ലി സെക്രട്ടറി സാദിഖ്, കൽപ്പറ്റ അസംബ്ലി സെക്രട്ടറി അർഷാദ് എന്നിവർ നേതൃത്വം നൽകി.





Leave a Reply