ഹെൽത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു
വെങ്ങപ്പള്ളി: ജില്ലയിലെ ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർ, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് ആവശ്യാധിഷ്ഠിത വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ഹെൽത്തി വയനാട് പദ്ധതി ആവിഷ്കരിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വെങ്ങപ്പള്ളി സഹാറ ഭാരത് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ത്രിതല പഞ്ചായത്ത് അധ്യക്ഷൻ മാരുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല ആലോചനാ യോഗം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
പ്രത്യേക പരിഗണന ആവശ്യമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായി പഠനം നടത്തി കൃത്യമായ വിവരശേഖരണത്തിലൂടെ ഫലപ്രദവുമായ വികസന പദ്ധതികൾ രൂപീകരിക്കുകയുമാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എം.എൽ.എ മാരുടെയും ജില്ലാ ഭരണ കൂടത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും സംഗമങ്ങൾ സംഘടിപ്പിച്ച് വിവരശേഖരണം നടത്തും. എൻ.എസ്.എസ്, എം.എസ്.ഡബ്ല്യൂ, വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ജില്ലയിലെ എല്ലാ വീടുകളിൽ നിന്നും വിവര ശേഖരണം നടത്തും. വിവര ശേഖരണം പൂർത്തിയാകുന്നതോടെ ജില്ലാ ഭരണകൂടത്തിനും എം.എൽ.എമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ഡാറ്റാ ഡാഷ് ബോർഡുകൾ സജ്ജമാക്കും. ഇതിലൂടെ ഓരോ മേഖലയിലെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് മുൻഗണന നിശ്ചയിക്കാൻ സാധിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി ആവശ്യാധിഷ്ഠിത പദ്ധതികൾ നടപ്പാക്കാൻ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് ലക്ഷ്യ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര ഇടപെടലാണ് ഹെൽത്തി വയനാട് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ആവശ്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പ്രയോജനപ്പെടുത്തി അനുയോജ്യമായ പദ്ധതികൾ രൂപീകരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ സമിതികളുടെ പരിഗണനയ്ക്കും ജില്ലാ ആസൂത്രണ സമിതിയുടെ (ഡി.പി.സി) അംഗീകാരത്തിനും ശേഷം പദ്ധതികൾ നടപ്പിലാക്കും.
എം.എൽ.എ ഉഷാ വിജയൻ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ – സുൽത്താൻ ബത്തേരി- മാനന്തവാടി നഗരസഭാ ചെയർപേഴ്സൺമാരായ പി വിശ്വനാഥൻ, റസീന അബ്ദുൽ ഖാദർ, ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ എം കമാലുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പ്രൊജക്ട് കൺവീനർ ബൈജു ആയടത്തിൽ, ഡോ. ഇദ്രീസ് എന്നിവ സംസാരിച്ചു.




Leave a Reply