October 10, 2026

യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ

0
WhatsApp Image 2026-10-10 at 7.42.51 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് അഡ്വ. കെ. രാജൻ എംഎൽഎ ആരോപിച്ചു. ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പാക്കാൻ സി. അച്യുതമേനോന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങളെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും പട്ടയ മിഷൻ നിർത്തലാക്കിയതുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ മേഖലയിൽ വ്യവസായങ്ങൾ കൊണ്ടുവരാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതിനായി കൺക്ലൂസീവ് ടൈറ്റിൽ നൽകാൻ ഇടതുസർക്കാർ കൊണ്ടുവന്ന സെറ്റിൽമെന്റ് ആക്ട് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും ഈ നിയമത്തിൽ യുഡിഎഫ് സർക്കാരിന് താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. റവന്യൂ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെന്ററിൽ സംഘടിപ്പിക്കുന്ന ‘ആരവം’ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ പി. ശ്രീകുമാർ, കെആർഡിഎസ്എ സംസ്ഥാന പ്രസിഡന്റ് എസ്.കെ.എം. ബഷീർ, ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര, ട്രഷറർ എം.ജെ. ബെന്നിമോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ്, സംസ്ഥാന സെക്രട്ടറി ആർ. സിന്ധു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രിൻസ് തോമസ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് കെ. ഡാനിയേൽ നന്ദിയും പറഞ്ഞു.

തുടർന്ന് ‘റവന്യൂ വകുപ്പ് പുനഃസംഘടനയും ജനകീയ റവന്യൂ സർവീസും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെആർഡിഎസ്എ സംസ്ഥാന പ്രസിഡന്റ് എസ് കെ എം ബഷീർ സെമിനാറിൽ മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ജി ജയകുമാർ, മുൻ സംസ്ഥാന സെക്രട്ടറി എ ഹരിശ്ചന്ദ്രൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് സംഘടന സംഘാടനം എന്ന വിഷയത്തിൽ ജോയിന്റ് കൗൺസിൽ സെക്രട്ടറി എസ് സജീവും സംഘടന പഠനകളരി നയിച്ച് കൊണ്ട് ജിതേഷ് കണ്ണപുരവും ക്ലാസുകൾ നയിച്ചു.

നാളെ രാവിലെ കൽപ്പറ്റ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് പ്രഭാത നടത്തവും “റവന്യൂ വകുപ്പും കെആർഡിഎസ്എയും ചരിത്രവഴികളിലൂടെ എന്ന വിഷയത്തിൽ സെമിനാറും നടക്കും. സെമിനാറിൽ എഐഎസ്ജിഇഎസ് ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ് വിഷയം അവതരിപ്പിക്കും. സംഘടനയുടെ വെബ്സൈറ്റ് ഫസ്റ്റ് ക്ലിക്കിന്റെ ഉദ്ഘാടനം ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ നിർവഹിക്കും. തുടർന്ന് നാളെയുടെ റവന്യൂ വകുപ്പ് കാഴ്ചപ്പാടുകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ ഓപ്പൺ ഹൗസ് കോൺ ക്ലേ വിന് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അശോക് നേതൃത്വം നൽകും.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *