വയനാട് പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് പോര് മുറുകുന്നു; രണ്ട് പാനലുകൾ രംഗത്ത്
കൽപ്പറ്റ: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് പ്രസ് ക്ലബ്ബിൽ പോര് മുറുകുന്നു. നിലവിലെ ഭരണസമിതിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക കണക്കുകളും ചർച്ചയാകുന്നതിനിടെ രണ്ട് പാനലുകളാണ് മത്സരരംഗത്തുള്ളത്.
കണക്കുകളെച്ചൊല്ലിയുള്ള ആരോപണങ്ങളും മറുപടിയും ചർച്ചയാകുന്നുണ്ട്; നേതൃത്വ മാറ്റത്തിനായുള്ള ആഹ്വാനവുമായി പുതിയ പാനൽ രംഗത്തുണ്ട്.
വ്യക്തിപരമായ ആരോപണങ്ങളും നിലവിലെ ഭരണ സമിതിയുടെ സുതാര്യത സംബന്ധിച്ച ചോദ്യങ്ങളും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.
നിലവിലെ ഭരണ സമിതിയിലെ ഭൂരിഭാഗവും പിന്തുണക്കുന്ന പാനിലിനെതിരെ വയനാട്ടിലെ സീനിയർ പത്രപ്രവർത്തകരായ മാതൃഭൂമി ന്യൂസിലെ എം. കമൽ പ്രസിഡന്റ് സ്ഥാനത്തേക്കും മലയാള മനോരമയിലെ ഷിന്റോ ജോസഫ് സെക്രട്ടറി സ്ഥാനത്തേക്കും ദേശാഭിമാനിയിലെ ആദർശ് ജോസഫ് ട്രഷറർ സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലാണ് രംഗത്തുള്ളത്. മാധ്യമത്തിലെ എസ്. മൊയ്തു വൈസ് പ്രസിഡന്റായും മാതൃഭൂമിയിലെ നീനു മോഹൻ ജോയിന്റ് സെക്രട്ടറിയായും മത്സരിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങളായി ഓൺ മനോരമയിലെ ജോസ് കുര്യൻ, ദേശാഭിമാനിയിലെ വി.ജെ. വർഗീസ്, മീഡിയവണിലെ അനിൽ എം. ബഷീർ, മലയാള മനോരമയിലെ ധനേഷ് ടി.പി. എന്നിവരും മത്സരരംഗത്തുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളേയും ചേർത്തുപിടിച്ചിട്ടുള്ള പാനലാണ് തങ്ങളുടേതെന്നാണ് ഇവർ അവകാശപ്പെടുന്നത്. അതേസമയം മറുഭാഗത്ത്
പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതിൻ ജോസ് (ന്യൂസ് മലയാളം), സെക്രട്ടറി സ്ഥാനത്തേക്ക് മനു ദാമോദരൻ (24 ന്യൂസ്), ട്രഷറർ സ്ഥാനത്തേക്ക് ജെയ്‌സൺ എം.എസ്. (ജന്മഭൂമി) എന്നിവരാണ് മത്സരിക്കുന്നത്. ദീപക് മോഹൻ (റിപ്പോർട്ടർ ടി.വി.) ജോയിന്റ് സെക്രട്ടറിയായും അരുൺ എ.ജി. (കേരള വിഷൻ) വൈസ് പ്രസിഡന്റായും മത്സരിക്കുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായി ഫൈസൽ പി. (മീഡിയ വൺ), അർജുൻ പി.എസ്. (ഐ.എ.എൻ.എസ്.) എന്നിവരും രംഗത്തുണ്ട്.
നിലവിലെ ഭരണസമിതി രണ്ട് വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ ഒന്നും അവതരിപ്പിച്ചിട്ടില്ലെന്ന ആരോപണമാണ് തിരഞ്ഞെടുപ്പിനിടെ പ്രധാന ചർച്ചയാന്നത്. ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഇതിന് മറുപടിയുമായി നിലവിലെ പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്.
വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സമാഹരിച്ച തുകയുടെ ബില്ലുകൾ ശേഖരിച്ച് നൽകുന്നതിലും കണക്കുകൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിലും കാലതാമസമുണ്ടായതായി അദ്ദേഹം സമ്മതിച്ചു. ട്രഷററും സെക്രട്ടറിയും സ്ഥലംമാറിപ്പോയതും നടപടികൾ വൈകാൻ കാരണമായെന്നാണ് വിശദീകരണം. ആദ്യവർഷത്തെ കണക്കുകൾ ഓഡിറ്റർക്ക് നൽകിയിരുന്നുവെന്നും റിപ്പോർട്ട് ലഭിച്ചെങ്കിലും ക്വാറം തികയാത്തതിനാൽ എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വർഷത്തെ കണക്കുകൾ പ്രസ് ക്ലബ്ബിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണത്തിൽ അറിയിച്ചു.
കണക്കുകൾ അവതരിപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും പ്രസ് ക്ലബ്ബിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം അംഗീകരിക്കാനാവില്ലെന്നാണ് നിലവിലെ ഭരണ സമിതിയുടെ നിലപാട്. സാമ്പത്തിക ക്രമക്കേടിന് തെളിവുള്ളവർ അത് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങളിൽ ഇടപെടാനും വയനാട്ടിലെ മാധ്യമപ്രവർത്തകരെയാകെ പ്രതിനിധീകരിക്കാനും കഴിയുന്ന നേതൃത്വമാണ് സംഘടനയെ നയിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പാനലിന്റെ ആവശ്യകത വിശദീകരിക്കുന്ന കുറിപ്പ് പുറത്തുവന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ അഴിമതിരഹിതവും ജനാധിപത്യപരവും സുതാര്യവുമായിരിക്കണമെന്നും നേതൃത്വത്തിന് സംഘടനയോടും പൊതുസമൂഹത്തോടും ഉത്തരവാദിത്വമുണ്ടാകണമെന്നും കുറിപ്പിൽ പറയുന്നു.
അംഗങ്ങൾക്കിടയിലെ ഐക്യം നിലനിർത്തിയും എല്ലാവരെയും ചേർത്തുപിടിച്ചും വെല്ലുവിളികളെ നേരിടാൻ കഴിയുന്ന നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും ഇവരുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും അതിനുള്ള വിശദീകരണങ്ങളും നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും തിരഞ്ഞെടുപ്പിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ്. ആരോപണങ്ങളിൽ സ്വതന്ത്രമായ പരിശോധനയിലൂടെ വ്യക്തത വരുത്തണമെന്ന ആവശ്യവും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്ന നിലപാടും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഉയരുന്നുണ്ട്.






Leave a Reply