കൈക്കൂലി കണ്ടെത്താനും രസതന്ത്രം; വിജ്ഞാന കൗതുകവുമായി ലാബ് ക്യൂരിയോസിറ്റീസ്
മുട്ടിൽ: കൈക്കൂലി കണ്ടെത്താൻ രസതന്ത്രം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നേരിട്ടറിഞ്ഞ് വിദ്യാർഥികൾ. സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാട് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘വിജ്ഞാന കൗതുകം – ലാബ് ക്യൂരിയോസിറ്റീസ്’ രണ്ടാം എപ്പിസോഡിലാണ് കുട്ടികൾ ശാസ്ത്രീയ പരീക്ഷണം നേരിട്ടറിഞ്ഞത്. ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി ലാബിൽ കെമിസ്ട്രി ബിരുദ വിദ്യാർഥികൾ ഫെസിലിറ്റേറ്റർമാരായി പരീക്ഷണത്തിന്റെ രസതന്ത്രം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
കൈക്കൂലി വാങ്ങുന്നവർക്ക് നൽകുന്ന നോട്ടുകൾ വിദ്യാർത്ഥികൾക്ക് നൽകി. അവരുടെ കൈകൾ ഒരു ദ്രാവകത്തിൽ മുക്കിയപ്പോൾ പിങ്ക് നിറമായി. ഇതിന്റെ പിന്നിലെ രസതന്ത്രം വിശദീകരിച്ചുകൊണ്ട് കുട്ടികളുടെ ആകാംക്ഷ ഉണർത്തി. കൈക്കൂലി മുക്ത രാജ്യംസൃഷ്ടിക്കാൻ നമുക്ക് സ്വാതന്ത്ര്യത്തിലൂടെ സാധിക്കും എന്ന് അവർ മനസ്സിലാക്കി. ടൂൾസ് ഓഫ് ഡിസ്കവറി, ബിയോണ്ട് ബ്യൂററ്റ്, ആഷ് ആന്റ് ഫയർ , പിഗ്ഗ്മെന്റ് സ്റ്റേഷൻ, ക്രൊമാറ്റിക് വണ്ടേഴ്സ് എന്നിങ്ങനെ 5 കോർണറുകളിലായി വിവിധ പരീക്ഷണങ്ങൾ കെമിസ്ട്രി ലാബിൽ ക്രമീകരിച്ചു.
കെമിസ്ട്രി ലാബിലെ ഉപകരണങ്ങളായ ബിക്കർ,ഫണൽ, പിപ്പറ്റ് റൗണ്ട് ബോട്ടം ഫ്ലാസ്ക്സ് ബൺസൻ ബർണർ എന്നിങ്ങനെ 5 ഗ്രൂപ്പുകളിലായി 33 സ്കൂൾ വിദ്യാർത്ഥികളാണ് ഓരോ കോർണറിലും ക്രമീകരിച്ച പരീക്ഷണങ്ങൾ നിരീക്ഷിക്കുവാനും ചെയ്യുവാനും എത്തിച്ചേർന്നത്. ഈ കുട്ടികൾക്ക് കോളേജിലെ രണ്ടും മൂന്നും വർഷ ഡിഗ്രി വിദ്യാർത്ഥികൾ ഫെസിലിറ്റേറ്റര്‍മാരായി പ്രവർത്തിച്ചു.
ഓറഞ്ച് തൊലിയിൽനിന്ന് നിറവും മണവും രുചിയും നൽകുന്ന ഘടകങ്ങൾ വേർതിരിച്ചെടുക്കൽ, ന്യൂട്രലൈസേഷൻ പരീക്ഷണങ്ങൾ, ആഷ് ടെസ്റ്റ്, ഫ്ലെയിം ടെസ്റ്റ്, ലെഡിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന, ഫ്ലൂറസെന്റ് പരീക്ഷണങ്ങൾ, വിവിധ നിറങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണങ്ങൾ, കോപ്പർ സൾഫേറ്റ് പരീക്ഷണങ്ങൾ, തന്മാത്രാ ഘടനകളുടെ മാതൃകാപ്രദർശനം എന്നിവ കുട്ടികൾക്ക് കൗതുകമായി. കെമിക്കൽ ബാലൻസ്, വിവിധതരം ഫ്ലാസ്കുകൾ, ബീക്കറുകൾ, അളവുജാറുകൾ, കണ്ടൻസറുകൾ, സെൻട്രിഫ്യൂജ് തുടങ്ങിയ ലാബ് ഉപകരണങ്ങളും പരിചയപ്പെടുത്തി. 50 പേർക്ക് ഒന്നിച്ച് പരീക്ഷണങ്ങൾ ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങളോടുകൂടി മുട്ടിൽ കെമിസ്ട്രി ലാബ് പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതും ഹൃദ്യമായി.

മുട്ടിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമലത സി.പി. പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഷാഹിന പി.എസ്., പരിഷത്ത് കൽപ്പറ്റ മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്, വിദ്യാർഥി പ്രതിനിധി സ്നിഗ്ധ പി.എസ്. എന്നിവർ ആശംസകൾ നേർന്നു.
അവലോകന യോഗത്തിൽ വിദ്യാർഥി ഗ്രൂപ്പ് ലീഡർമാരായ അക്ഷര സി.എം., ബേസിൽ മാത്യു, മിഷൽ വി.എം., റിതു നന്ദ എ. എന്നിവർ സംസാരിച്ചു. ഫെസിലിറ്റേറ്റർമാരായ ആയിഷ നജ, ദിൽഫ തസ്നീം, ഷഡിയ നൗരി, ഫാക്കൽറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സ്റ്റെർക്ക് സി.ഇ.ഒ. ടോമി എം.എം. സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീവത്സൻ കെ.ടി. നന്ദിയും പറഞ്ഞു.




Leave a Reply