മാനന്തവാടിയിൽ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ മക്കൾക്ക് ശ്രീറാം ഫിനാൻസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
മാനന്തവാടി: ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മികച്ച വിജയം നേടിയ മക്കൾക്ക് ശ്രീറാം ഫിനാൻസ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷാ വിജയൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 60 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് ഈ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
ഒക്ടോബർ 24-ന് മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സോണൽ മാനേജർ ജിതേഷ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ ജയേഷ് പി. ആർ സ്വാഗതം ആശംസിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഇത്തരം പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ ചൂണ്ടിക്കാട്ടി.
ഈ വർഷം ഇന്ത്യയിലാകമാനം ഏകദേശം രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ശ്രീറാം ഫിനാൻസിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകിക്കഴിഞ്ഞതായി ഭാരവാഹികൾ വ്യക്തമാക്കി. എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് തുടർച്ചയായി 5 വർഷം ഈ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുമെന്നും, വരും വർഷങ്ങളിലും കൂടുതൽ അർഹരായ കുട്ടികളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
ചടങ്ങിൽ മാനന്തവാടി സബ് ഇൻസ്പെക്ടർ റോയ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ ശശി, ബി.എം.എസ് ജില്ലാ സെക്രട്ടറി സന്തോഷ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ജോഷി, ശ്രീറാം ഫിനാൻസ് റീജിയണൽ മാനേജർമാരായ സജിലു, ജിഷ്ണു, സുനിൽ, ഷിനോജ്, ബ്രാഞ്ച് മാനേജർമാരായ അരുൺ, രാഹുൽ, അബിൻ, സാബു, സജേഷ്, ദിലീപ്, വരുൺ എന്നിവരും പങ്കെടുത്തു. ശ്രീറാം ഫിനാൻസ് റീജിയണൽ മാനേജർ ലിജുഷ് നന്ദി പറഞ്ഞു.




Leave a Reply