കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ സജി ഏബ്രഹാമിനെതിരെ കേസെടുത്തു
മാനന്തവാടി: രണ്ടേ നാലിൽ കാറിടിച്ച് പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാമിനെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന ദിവയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ദിവയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് ദിവക്കൊപ്പമുണ്ടായിരുന്ന സഹോദരൻ ഡെറിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ സജി ഏബ്രഹാം വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. മരിച്ച ദിവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നിലവിൽ വിദേശത്തുള്ള പിതാവ് രാജേഷ് നാട്ടിൽ എത്തുന്ന മുറയ്ക്ക് ദീപ്തിഗിരി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.




Leave a Reply