April 18, 2024

വയനാട് മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ സ്ഥാപിക്കണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

0
Img 20221019 Wa00562.jpg
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ തന്നെ സ്ഥാപിക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. മെഡിക്കല്‍ കോളേജിന് വേണ്ടി നടത്തുന്ന എല്ലാ ജനകീയ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കും. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട 900-കോടി രൂപയോളം വരുന്ന ബൃഹത്പദ്ധതി പിന്നീട് അട്ടിമറിക്കുന്നതാണ് കണ്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റോഡ് പ്രവൃത്തി അടക്കം ആരംഭിച്ചതിന് ശേഷമാണ് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ നിന്നും മാറ്റാനുള്ള നീക്കം ആരംഭിച്ചത്. വയനാട് ഗവ.മെഡിക്കല്‍ കോളേജിനായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജി.എസ്.ഐ) റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് നേരത്തേ തെളിഞ്ഞതാണ്. വസ്തുതകള്‍ ഇതായിരിക്കെ മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിന്നും മാറ്റുന്നതിനായി ആസൂത്രിതനീക്കങ്ങള്‍ നടന്നതായി സംശയിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ മടക്കിമലയിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ മാനന്തവാടി ബോയ്സ്ടൗണിലെ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ഭൂമി ഏറ്റെടുത്ത നടപടി അസാധുവാക്കിയ സാഹചര്യത്തില്‍ വീണ്ടും നിയമപ്രശ്നങ്ങളിലേക്ക് നീങ്ങി സമയം കളയാതെ നിലവില്‍ യാതൊരുവിഷയവുമില്ലാത്ത മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആസ്പത്രികളും ചികിത്സാ സൗകര്യങ്ങളുമില്ലാത്തതിനാല്‍ ജില്ലയിലെ ആയിരക്കണക്കിന് പേരാണ് ഓരോ മാസവും കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. വാഹനാപകടങ്ങള്‍, വന്യജീവിആക്രമണം, അരിവാള്‍ രോഗം, കിഡ്നി രോഗം തുടങ്ങിയ വയനാട് നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന ചികിത്സകള്‍ക്കായി ഭൂരിഭാഗത്തിനും ആശ്രയിക്കേണ്ടി വരുന്നത് കോഴിക്കോട് ജില്ലയേയാണ്. ഓരോ മാസവും ശരാശരി ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടക്ക് രോഗികള്‍ വയനാട്ടില്‍ നിന്നും ചുരമിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ അടിയന്തരമായി അത്യാധുനീക സൗകര്യമുള്ള മെഡിക്കല്‍ കോളജും, ആശുപത്രിയും സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നിന്നുകൊണ്ട് നടപടിസ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *