മേപ്പാടി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കും: ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ:മേപ്പാടി ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും മേപ്പാടി ബൈപ്പാസ് നിര്‍മ്മാണം വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും വേണ്ടി അഡ്വ. ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും സര്‍വ്വകക്ഷി നേതാക്കളുടെയും യോഗം മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വച്ച് ചേര്‍ന്നു. മേപ്പാടി ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് മൂപ്പനാട് അവസാനിക്കുന്ന രീതിയിലുള്ള ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നടപടികള്‍ മുടങ്ങികിടന്നിരുന്ന സാഹചര്യത്തിലാണ് എംഎല്‍എ ഇടപെട്ടുകൊണ്ട് അടിയന്തിരമായി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന് വന്ന വിഷയം എത്രയും പെട്ടെന്ന് തന്നെ സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തീകരിക്കുക എന്നുള്ളതാണ്. നിലവില്‍ ഫോറസ്റ്റ് ഓഫീസിന്റെ മുന്പില് കൂടിയുള്ള അലൈന്മെന്റ് പരിശോധിക്കുവാനും മറ്റു തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ ഇതേ ഭാഗത്തുകൂടി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും, തടസ്സം നേരിടുന്ന പക്ഷം മറ്റു മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി കൈക്കൊള്ളാനും യോഗം തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 27 ന് ബൈപ്പാസ് റോഡിന്റെ സ്ഥലം സന്ദര്‍ശിക്കാനും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ എംഎല്‍എ ചുമതലപെടുത്തി. സര്‍വ്വകക്ഷി യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, രാജു ഹെജമാടി, പഞ്ചായത്ത് സെക്രട്ടറി ഫായിസ് ഷമീം, ബി. സുരേഷ് ബാബു, ടി. ഹംസ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ഗഫൂര്‍, വിനോദ് കെ, കെ രമേശ്, സി സഹദേവന്,അഷറഫ് പി കെ, നജീബ് ചന്തക്കുന്ന്, സഹദ് കെ കെ, അഷറഫ്, സൈതലവി, ബി. നാസര്‍, രാധാ രാമസ്വാമി, ഹാരിസ്, മിനി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു






Leave a Reply