അവിചാരിത മഴ; കാപ്പി കർഷകർ അങ്കലാപ്പിൽ
കൽപ്പറ്റ: വിളവെടുക്കാനൊരുങ്ങവെ അപ്രതീക്ഷിത മഴ കാപ്പി കർഷകരെ അങ്കലാപ്പിലാക്കുന്നു. വിളവെടുപ്പ് , ഉണക്കൽ എന്നിവയെ മഴ ബാധിച്ചു. അതിനിടെ കാപ്പി കാലം തെറ്റി പൂവിടുന്നതും കർഷകർക്ക് നഷ്ടമുണ്ടാക്കും.
വിളവെടുപ്പ് പൂർത്തിയാക്കാത്ത തോട്ടങ്ങളിൽ മഴയും മഞ്ഞും കാരണം കാപ്പി പൂത്തുതുടങ്ങി. വിളവെടുത്തവയാകട്ടെ, ഉണക്കാൻ കഴിയാത്ത അവസ്ഥയിലും. വിളവെടുത്ത് കൂട്ടിയിട്ട കാപ്പിക്കുരു വെയിലില്ലാത്തതു കാരണം പൂപ്പൽ പിടിക്കുന്ന സാഹചര്യമുണ്ടാകും. ജില്ലയിൽ കാപ്പി വിളവെടുപ്പ് മിക്ക തോട്ടങ്ങളിലും പാതിയിലാണ്. സാധാരണ ഡിസംബർ ആദ്യം ആരംഭിക്കുന്ന വിളവെടുപ്പ് ഒന്നര മാസത്തോളം നീളും. ഇതിനിടയിലാണ് മഴ വില്ലനായത്. മഴക്കുമുമ്പ് മഞ്ഞും ഉണ്ടായതോടെയാണ് പലയിടത്തും വിളവെടുപ്പിനു മുമ്പേ കാപ്പി പൂക്കാനും തുടങ്ങിയത്.
കാപ്പി പറിക്കുമ്പോൾ പൂക്കൾ കൊഴിഞ്ഞുപോകുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും. സാധാരണ 10 ദിവസത്തിനുള്ളിൽ ഉണക്കിയെടുക്കാവുന്ന കാപ്പി നിലവിൽ രണ്ടാഴ്ച കഴിഞ്ഞാലും ഉണക്കാൻ സാധിക്കുന്നില്ല. വിളവെടുക്കാൻ കഴിയാത്ത കാപ്പിക്കുരു മഴവെള്ളം കെട്ടിനിന്ന് കൊഴിഞ്ഞുവീണു നശിക്കാനും കാരണമാകും. 70,000 ഹെക്ടറോളം കാപ്പികൃഷിയുണ്ടെന്നാണ് കണക്ക്. ഇത് മൊത്തം കൃഷിയിടത്തിന്റെ 33.6 ശതമാനത്തോളം വരും.





Leave a Reply