‘വന്യജീവി ആക്രമണം; പരിഹാരമെന്ത്’: മലയോര കര്‍ഷക സംഘം സെമിനാർ നാളെ
കല്‍പ്പറ്റ: ‘വന്യജീവി ആക്രമണം; പരിഹാരമെന്ത്’ എന്ന വിഷയത്തില്‍ മലയോര കര്‍ഷക സംഘം നാളെ പുല്‍പ്പള്ളിയില്‍ സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ലയണ്‍സ് ക്ലബ് ഹാളിലാണ് പരിപാടി.
വനാതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കുകയും ഇതിനു പരിഹാരം കാണുന്നതില്‍ ഭരണാധികാരികള്‍ ഉദാസീനത തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘം പ്രസിഡന്റ് കരുണാകരന്‍ വെള്ളക്കെട്ട്, വൈസ് പ്രസിഡന്റ് ഷിജു മത്തായി, സെക്രട്ടറി ഗിഫ്റ്റന്‍ പ്രിന്‍സ് ജോര്‍ജ്, ട്രഷറര്‍ ജിനോ ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദീര്‍ഘകാലമായി വിവിധ സംസ്ഥാനങ്ങളില്‍ വനം വകുപ്പിന്റെ ഉപദേഷ്ടകനായും വന സംരക്ഷകനായും പ്രവര്‍ത്തിക്കുന്ന നവാബ് ഷഫാത്ത് അലി ഖാന്‍, കേരള സര്‍വകലാശാലയിലും എത്യോപ്യയിലെ ആദിസ് അബാബ സര്‍വകലാശാലയിയും പ്രഫസറായിരുന്ന ഡോ.എം. ബാലകൃഷ്ണന്‍, മലയോര കര്‍ഷക സംഘം നിയമോപദേശകന്‍ അഡ്വ. എം.ടി. ബാബു എന്നിവര്‍ ക്ലാസ് നയിക്കും.
വന്യജീവി ശല്യ പ്രതിരോധത്തിനു നടപടി സ്വീകരിക്കേണ്ട വനം വകുപ്പ് നിസഹായത അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയമത്തിന്റെ പരിമിതി പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. നവാബ് ഷഫാത്ത് അലി ഖാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply