സ്കൂൾ കെട്ടിടത്തിന് ഒരുകോടി: എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷനില്ല
വെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വെള്ളമുണ്ട സർക്കാർ യുപി സ്കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഇപ്പോഴും വൈകുന്നു. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ പുതിയ കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വിവിധ പ്രവർത്തനങ്ങൾക്ക് തടസം നേരിടുകയാണ്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനും അവസാന വട്ട നിർമാണ പ്രവൃത്തികൾക്ക് ആവശ്യമായ വെള്ളം എത്തിക്കാനും വൈദ്യുതിയില്ലാത്തത് വെല്ലുവിളിയാകുന്നു. പ്രീ പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളിൽ അറുനൂറ് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ് മുറികൾ ഒരുക്കാൻ ആവശ്യമായ നടപടികൾ വൈകുന്നത് സ്കൂൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് നടപടികൾ വൈകിയതിനാൽ ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ വൈദ്യുതി ലഭിക്കാനുള്ള നടപടികൾ ഉടനെ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.





Leave a Reply