പാലത്തിന്റെ വാർപ്പ് പൂർത്തിയായി: ഈ മാസം അവസാനം റോഡ് തുറക്കും
കൽപ്പറ്റ: ഫാത്തിമ ആശുപത്രി – മൈതാനിപ്പള്ളി റോഡിലെ പാലത്തിന്റെ വാർപ്പ് പൂർത്തിയായി. പാലം പണി പൂർത്തിയാക്കി റോഡ് മേയ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് കൽപ്പറ്റ നഗരസഭ അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് പറഞ്ഞു. ഒരു കോടിയോളം രൂപ വകയിരുത്തിയാണ് പാലം പുതുക്കിപ്പണിതത്.
2023 ഫെബ്രുവരിയിലാണ് പാലം നവീകരണത്തിന്റെ ഭാഗമായി ഫാത്തിമ ആശുപത്രി – മൈതാനിപ്പള്ളി റോഡ് അടച്ചത്. പാലം പണി പൂർത്തിയാക്കി മാസങ്ങൾക്കകം തുറന്ന് കൊടുക്കാമെന്ന് പറഞ്ഞായിരുന്നു റോഡ് താത്കാലികമായി അടച്ചത്. എന്നാൽ, പാലം പണി നീണ്ടുപോയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. എടഗുനി ഭാഗത്തേക്കുള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കേണ്ടി വന്നതാണ് പ്രധാനമായും പാലം പ്രവർത്തി വൈകാൻ കാരണമായതെന്നും ടി.ജെ. ഐസക് പറഞ്ഞു.
പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി 9.5 ലക്ഷം രൂപ വകയിരുത്തി ജല അതോറിറ്റിക്ക് അടയ്ക്കേണ്ടതായും വന്നു. ഇത്തരം നടപടികൾ പൂർത്തിയാക്കാൻ നേരിട്ട കാല താമസവും പാലം പ്രവൃത്തി വൈകാൻ കാരണമായി. പാലത്തിൻ്റെ അടിഭാഗത്തെ പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയറുടെ അഭിപ്രായം തേടേണ്ടത് ഉണ്ടായിരുന്നു. ഇതും കാല താമസത്തിനിടയാക്കി. പിന്നീട് എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചതെന്നും ടി.ജെ. ഐസക് പറഞ്ഞു.
പടിഞ്ഞാറത്തറ-കല്പറ്റ റോഡിൽനിന്ന് ടൗണിലേക്ക് എളുപ്പം വരാൻ ഉപകരിക്കുന്നതാണ് ഫാത്തിമ ആശുപത്രി- മൈതാനിപ്പള്ളി റോഡ്. ഒരുവർഷം റോഡ് അടച്ചിട്ടത് കൽപ്പറ്റ ടൗണിലെ ഗതാഗതക്കുരുക്കും വർധിക്കാൻ കാരണമായിരുന്നു.





Leave a Reply