വി.ജി വിജയന്‍ മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകൻ
കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയനെ വയനാട് പ്രസ് ക്ലബ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഏഴാമാത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ കൈകാര്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു വി.ജി വിജയനെന്ന് അദ്ദേഹം അനുസ്മരിച്ചു.
പതറാത്ത ആത്മവിശ്വാസത്തിന്റെയും തളരാത്ത ഊര്‍ജ്ജസ്വലതയുടെയും പ്രതീകമായിരുന്നു വിജയനെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ സാഹിത്യകാരന്‍ ഒ.കെ ജോണി അനുസ്മരണ പ്രഭാഷണം നടത്തി. കെ ജയചന്ദ്രനൊപ്പം വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ വി.ജി വിജയന്‍ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഒരിക്കലും വാര്‍ത്തകളില്‍ കൊണ്ടുവരാത്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു.
ജനകീയ പക്ഷപാതിത്വവും തൊഴിലിനോടുള്ള സത്യസന്ധതയും പുലര്‍ത്തിയ അദ്ദേഹം വൈവിദ്യങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അംഗീകരിക്കാനുള്ള സഹിഷ്ണുതയും കൊണ്ട് പത്രപ്രവര്‍ത്തനത്തെ ജനകീയവല്‍ക്കരിച്ച മികച്ച ജേര്‍ണലിസ്റ്റായിരുന്നു. സമൂഹത്തിലെ അധസ്ഥിതരെ കൈപ്പിടിച്ചുയര്‍ത്താനുള്ള സാമൂഹിക പ്രവര്‍ത്തനമാണ് തന്റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ വിജയന്‍ ചെയ്തത്. മാനുഷിക മൂല്ല്യങ്ങളെ മുറുകെ പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനം.
വിനയാന്വിതനായ പെരുമാറ്റമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഏത് സംഘര്‍ഷഭരിതമായ സാഹചര്യവും അക്ഷോഭ്യനായി ലളിതമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിനെന്നും ഒ.കെ ജോണി അനുസ്മരിച്ചു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പ്രദീപ് മാനന്തവാടി, എം.കെ രാംദാസ്, കൃഷ്ണകുമാര്‍, ടി.എം ജയിംസ്, വി.ജി വിജയന്റെ ഭാര്യ വനജ, എം പുഷ്‌കരാക്ഷന്‍, ജോഷി ബത്തേരി, എന്‍ രാമാനുജന്‍, കെ.എസ് മുസ്തഫ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറര്‍ ജോമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.





Leave a Reply