അക്കാദമിക-വ്യാവസായിക ബന്ധത്തെ മാനവീകരിക്കണം; എംബെയ്സ് എഡ്യൂക്കേഷണൽ കോൺക്ലേവ്
വൈത്തിരി: നൈപുണിയെയും തൊഴിൽയോഗ്യതയെയും മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വ്യവസ്ഥക്ക് ഇന്ത്യ പോലുള്ള സാമൂഹ്യ വ്യവസ്ഥിതിയിൽ നിലനിൽപ്പ് ഉണ്ടാവില്ലെന്നും ലിബറൽ മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് വ്യാവസായിക-തൊഴിൽ മേഖലയുമായുള്ള സഹകരണം ഉറപ്പുവരുത്താൻ സർവകലാശാലാ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും വൈത്തിരിയിൽ സമാപിച്ച എംബെയ്സ് പ്രോ സ്യൂട്ട് ദേശീയ വിദ്യാഭ്യാസ കോൺക്ലേവ് അഭിപ്രായപ്പെട്ടു.
നാലു വർഷ ബിരുദ പദ്ധതിയുടെ ഗുണം വിദ്യാർഥികൾക്ക് പൂർണാർത്ഥത്തിൽ ലഭ്യമാക്കാൻ സർവകലാശാലകളുടെയും സ്വയംഭരണ കോളേജുകളുടേയും സിലബസുകൾ ഏകീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കണം.
സർവകലാശാലകളെയും അഫിലിയേറ്റഡ് കോളേജുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ടൈംടേബിൾ വ്യവസ്ഥ ഉടനെ നടപ്പിലാക്കണം. വ്യാവസായിക മേഖലയുടെ വളർച്ചക്ക് ഉപകാരപ്പെടുന്നതോടൊപ്പം അടിസ്ഥാന ഗവേഷണത്തെ കൂടി പ്രോത്സാഹിപ്പിക്കാൻ ത്രിതല ഗവേഷണ സമ്പ്രദായം നടപ്പിൽ വരുത്തണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റി ഇന്നൊവേഷൻ ഫൗണ്ടേഷൻ ഡയറക്ടർ പ്രൊഫ. റോബിനറ്റ് ജേക്കബ് മുഖ്യാതിഥിയായി.
കേരളാ സ്റ്റാർട്ടപ്പ് മിഷൻ അക്കാദമിക് വിഭാഗം ഡയറക്ടർ ഡോ. ബെർജിൻ എസ് റസൽ, സെന്റർ ഫോർ ഇൻക്യൂബേഷൻ ആൻഡ് എന്റർപ്രേണർഷിപ്പ് ഡയറക്ടർ പ്രൊഫ. മുഹമ്മദ് ഷാഹിൻ, യു എൽ സി സി ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. ഇ. സന്തീഷ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി അടൽ ഇൻക്യൂബേഷൻ സെന്റർ സി ഇ ഓ മിട്ടു ടിജി, എംബെയ്‌സ് സി ഇ ഒ കെ എ ഫിറോസ്, പി എ നാസർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാല മാധ്യമപഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. എ. നുഐമാൻ മോഡറേറ്ററായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മിംഗ്ഡു മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ് ഡോ. അൻവർ സാദത്ത്, പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ എന്നിവർ ചേർന്ന് നിർവഹിച്ചു.
കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കോൺക്ലേവിൽ സൗത്ത് ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി ഇരുന്നൂറ്റി അമ്പതിലധികം പ്രതിനിധികൾ പങ്കെടുത്തു.





Leave a Reply