കുറുമ്പാലക്കോട്ട മലയിലേക്കുള്ള കെഎസ്ആർടിസി സർവീസ് വർദ്ധിപ്പിക്കണം
കുറുമ്പാലക്കോട്ട: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറികൊണ്ടിരിക്കുന്ന കുറുമ്പാലക്കോട്ടയിലേക്ക് കെഎസ്ആർടിസിയുടെ സർവീസ് വർദ്ധിപ്പിക്കണം എന്ന് കുറുമ്പാലക്കോട്ട വായനശാല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നിലവിൽ രാവിലെയുള്ള ഒരു ട്രിപ്പ് മാത്രമാണ് സർവീസ് നടത്തുന്നത്. മറ്റ് ബസ്സുകളോ സർവീസുകളോ ഒന്നും തന്നെ ഈ മേഖലയിൽ ഇല്ല. അതുകൊണ്ടുതന്നെ ജില്ലയിൽ എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് സ്വകാര്യ വാഹനങ്ങളിൽ അല്ലാതെ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഈ പ്രദേശത്തു നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും യാത്ര അത്ര എളുപ്പമല്ല. അതിനാൽ തന്നെ കെഎസ്ആർടിസിയുടെ സർവീസ് വർദ്ധിപ്പിക്കണമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ കുറുമ്പാലക്കോട്ട ലൈബ്രറി നൽകിയ നിവേദനത്തിൽ അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മറുപടി ലഭിച്ചിരുന്നു. എങ്കിലും സർവീസ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ടൂറിസം സാധ്യത കൂടി പരിഗണിച്ചുകൊണ്ട് അടിയന്തരമായി സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ലൈബ്രറി കൗൺസിൽ കോട്ടത്തറ പഞ്ചായത്ത് നേതൃത്വ സമിതി ചെയർമാൻ വി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സണ്ണി പി എ, മനു ജോസഫ്, ഷെജിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രീന മുരളീധരൻ (പ്രസിഡന്റ്), ഉദയഭാനു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply