April 30, 2026

നെയ്ക്കുപ്പ ഫെൻസിംഗ് നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥ മാറ്റണം; സ്വതന്ത്ര കർഷക സംഘം

0
Img 20240727 120804
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കാടും നാടും വേർതിരിക്കുന്നതിന് കൂടൽ കടവു മുതൽ നെയ്ക്കുപ്പ വരെയുള്ള ഫെൻസിംഗ് നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തികൾ പ്രാരംഭഘട്ടത്തിലെ സ്തംഭിച്ചിരിക്കയാണിവിടെ. വനം വകുപ്പിന്റെയും കരാറുകാരുടെയും അനാസ്ഥയാണിതിന് കാരണം. മനുഷ്യ – വന്യമൃഗ സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാതിനാൽ വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ സ്വൈര വിഹാരം നടത്താൻ കാരണമാകുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്ന കാര്യത്തിൽ സർക്കാരും വനം വകുപ്പു പരാജയപ്പെട്ടതായി നിയമസഭയിൽ വെച്ച സി.എ.ജി റിപ്പോർട്ടിൽ പോലും കുറ്റപ്പെടുത്തിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

 

 

പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പേമാരിയിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ എട്ടുകോടിയിലേറെ കൃഷിനാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. എല്ലാ കർഷകർക്കും നഷ്ടപരിഹാരം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേരിടേണ്ടി വരുമെന്നും, യോഗം മുന്നറിയിപ്പ് നൽകി. സുലൈമാൻ ഹാജി മുരിക്കഞ്ചേരി, ഉസ്മാൻ പുഴക്കൽ, മായൻ വളപ്പൻ, കബീർ മാനന്തവാടി, പോക്കർ വി കോറോം, ഇബ്രാഹിം ഹാജി അത്തിലൻ, അഷ്ക്കർ ബാവലി പ്രസംഗിച്ചു. സെക്രട്ടറി സലിം കേളോത്ത് സ്വാഗതവും ട്രഷറർ കെ.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *