May 22, 2026

നിപ: വയനാട്ടിൽ കെ.എസ്.ആർ.ടി.സിക്ക്. വരുമാനം കുറഞ്ഞു; ആറ് ലക്ഷത്തിന്റെ കുറവ്

0
By ന്യൂസ് വയനാട് ബ്യൂറോ
നിപ: ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക്. വരുമാനം കുറഞ്ഞു
വരുമാനത്തിൽ ആറ് ലക്ഷത്തിന്റെ കുറവ്
കല്പറ്റ: സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ച നിപ വൈറസ്  ജില്ലയിലെ കെ.എസ്.ആർ.ടി.സിക്കും കനത്ത തിരിച്ചടിയായി. നിയന്ത്രണ വിധേയമായെന്ന്  കരുതിയ നിപ രണ്ടാം ഘട്ടത്തിലേക്ക് ആയതോടെ ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞു. നിപ ഭീതികാരണം ആൾക്കാർ യാത്രകൾ കുറച്ചതോടെ  ജില്ലയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന  ബസുകൾ യാത്രക്കാരില്ലാതെയാണ് ഓടുന്നത്. പ്രത്യേകിച്ച്  പേരാമ്പ്രയിലേക്കുള്ള സർവീസുകൾ. 


      ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനം 30 ലക്ഷം രൂപയാണ്. എന്നാൽ കോഴിക്കോട് നിപ ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ  ഒരു ദിവസത്തെ ശരാശരി വരുമാനം 24 ലക്ഷം രൂപയായി കുറഞ്ഞു. ജില്ലയിൽ നിന്നും ഒരു ദിവസം വിവിധ ഡിപ്പോകളിൽ നിന്നായി നൂറ്റിയമ്പതിലധികം ട്രിപ്പുകളാണ് കോഴിക്കോടേക്ക്  നടത്തുന്നത്.  കല്പറ്റ ഡിപ്പോയിൽ നിന്ന് 20, സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്ന് 25, മാനന്തവാടിയിൽ നിന്ന് 20 എന്നിങ്ങനെയാണ് ബസുകളുടെ എണ്ണം.  

    'ഏഴര ലക്ഷം  രൂപ മുതൽ  എട്ടേകാൽ ലക്ഷം രൂപവരെയാണ് കല്പറ്റ ഡിപ്പോയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം. ഇപ്പോൾ  ഇത് ആറ്് ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.  20 ബസുകളാണ് കല്പറ്റ ഡിപ്പോയിൽ നിന്നും ഒരു ദിവസം കോഴിക്കോടേക്ക് സർവീസ് നടത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന സുൽത്താൻബത്തേരി ഡിപ്പോയിൽ പന്ത്രണ്ടര ലക്ഷം രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം.  ഇപ്പോൾ 10 ലക്ഷം രൂപയാണ് കിട്ടുന്നത്. 25 ബസുകളാണ് കോഴിക്കോടേക്ക് സർവീസ് നടത്തുന്നത്. 
       പതിനൊന്നര ലക്ഷം രൂപ ശരാശരി വരുമാനമുള്ള  മാനന്തവാടി ഡിപ്പോയ്ക്ക് ഇപ്പോൾ ഒമ്പത് ലക്ഷം രൂപയാണ് വരുമാനം. 20 ബസുകളാണ് കോഴിക്കോടേക്ക് സർവീസ് നടത്തുന്നത്. എല്ലാ ഡിപ്പോകളിലും രണ്ടരലക്ഷം രൂപയാണ് പ്രതിദിന വരുമാന ചോർച്ച വന്നിരിക്കുന്നത്. വരുമാനത്തിൽ കുറവുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. നിലവിസൽ സർവീസുകൾ ഒന്നും വെട്ടിക്കുറച്ചിട്ടില്ല. മേയിൽ  സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. 207.35 കോടിരൂപ നേടി പ്രതിമാസ വരുമാനത്തിൽ റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. 


   
      മെഡിക്കൽ കോളേജ് ബസുകളിലും ആളില്ല
കെ.എസ്.ആർ.ടി.സിയുടെ വരുമാന വർധനവിൽ പ്രധാന പങ്ക് വഹിച്ചിരുന്ന മെഡിക്കൽ കോളേജ് സർവീസിലും യാത്രക്കാർ തീരെയില്ല. ജില്ലയിൽ നിന്നും ദിവസേന  രാവിലെ ഏഴ് മണിക്കുള്ളിൽ മെഡിക്കൽ കോളേജിലേക്ക് 12 ബസുകളാണ് സർവീസ് നടത്തുന്നത്. 
    
      നിപ സ്ഥിരീകരണത്തിന് ശേഷം മെഡിക്കൽ കോളേജ് സർവീസുകളിൽ ആളില്ലാതായെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. മുമ്പ് എല്ലാ ട്രിപ്പുകളിലും നിറയെ യാത്രക്കാരായിരുന്നു. ഇപ്പോൾ യാത്ര ഒഴിവാക്കാൻ  പറ്റാത്ത സാഹചര്യത്തിലുള്ളവർ മാത്രമേ യാത്രക്കാരായുള്ളു. കൂടുതൽ യാത്രക്കാരും ഇടസ്ഥലങ്ങളിലേക്കുള്ളവരായിരിക്കും.  കോഴിക്കോടേക്ക് എത്തുമ്പോഴേക്കും ബസിൽ  ആരും ഇല്ലാത്ത അവസ്ഥയാണ്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് പകരം കൂടുതൽ പേരും സ്വന്തം വാഹനത്തെയോ ടാക്സി വാഹനങ്ങളെയോ ആശ്രയിക്കുകയാണ് ചെയ്യുന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *