കുട്ടികളുടെ പരിരക്ഷക്ക് കാവല്‍ പദ്ധതി തുടങ്ങുന്നു
കൽപ്പറ്റ:
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്‍തുണയും നല്‍കുന്ന കാവല്‍ പദ്ധതി വയനാട് ജില്ലയില്‍ തുടങ്ങുന്നു. നവംബര്‍ 1 മുതലാണ് പദ്ധതി നടപ്പാക്കുക. കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ വിവിധ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ശിശുസംരക്ഷണ യോഗത്തിലാണ് തീരുമാനം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ നിംഹാന്‍സിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. സ്വഭാവ പരിവര്‍ത്തനം നടത്തി ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, ജീവിത നൈപുണി പരിശീലനം, രക്ഷകര്‍ത്തൃബോധനം, സാമൂഹിക ഇടപെടല്‍,പഠന സഹായം, ലഹരി വിമുക്ത ചികില്‍സ, മാനസിക രോഗ ചികില്‍സ തുടങ്ങിയയവ കുട്ടികള്‍ക്ക് നല്‍കുകും. വ്യക്തികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പോലീസ് എന്നിവരുടെ സഹായവും തേടും. ഇതുവരെ 9 ജില്ലകളിലായി 1056 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധവകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. ശൈശവ വിവാഹം, പോക്‌സോ കേസ്സുകള്‍, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്നുകളുടെ ഉപയോഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വാഹനങ്ങളുടെ ഉപയോഗം, കുട്ടികളിലെ പോഷകാഹാര കുറവ്, അവധിക്കാല ഫോസ്റ്റര്‍കെയര്‍ പ്രോഗ്രാം, ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തനങ്ങള്‍, ഒ.ആര്‍.സി പദ്ധതി, ബ്ലോക്ക്-മുനിസിപ്പാലിറ്റി-പഞ്ചായത്ത്തല ശിശുസംരക്ഷണ യോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത്, ശിശു സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് മധുസൂദനന്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply