വയനാട്ടിൽ ആന്റോ അഗസ്റ്റിൻ എൻ.ഡി.എ. സ്വതന്ത്ര സ്ഥാനാർത്ഥി: പ്രഖ്യാപനം ഇന്നുണ്ടായേക്കും.
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആന്റോ അഗസ്റ്റിൻ എൻ.ഡി.എ. സ്വതന്ത്ര സ്ഥാനാർത്ഥിയാവും . പ്രഖ്യാപനം ഇന്നുണ്ടായേക്കും .ബി.ഡി.ജെ.എസിന് അനുവദിച്ച സീറ്റ് കേരളാ കോൺഗ്രസിന് നൽകി, സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം.
വയനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഇക്കുറി വയനാട്ടുകാരൻ തന്നെ സ്ഥാനാർഥിയാവണം എന്ന തീരുമാനത്തിൽ നിന്നാണ് എൻ. ഡി. എ.. സ്വാതന്ത്ര സ്ഥാനാർത്ഥിയായി വയനാട് വാഴവറ്റ സ്വദേശി ആന്റോ അഗസ്റ്റിന് നറുക്ക് വീഴുന്നത്.തിരഞ്ഞെടുപ്പിൽ പുതുമുഖമായ ആന്റോ കേരളാ കോൺഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയാണ്.
കുടിയേറ്റ കർഷകനായ മൂങ്ങനാനിയിൽ പരേതനായ എം.എം അഗസ്റ്റിന്റെയും ഇത്താമ്മ അഗസ്റ്റിന്റെയും നാല് മക്കളിൽ ഇളയവനായി 1988 ൽ ജനനം. ബത്തേരി സ്വദേശിയായ ഡോക്ടർ ബിൽഹ തെരേസയാണ് ഭാര്യ.പഠനത്തിന് ശേഷം വയനാടിന്റെ തീരാ പ്രശ്‌നങ്ങളിൽ കാതലായ ഇടപെടലുകൾ നടത്തിക്കൊണ്ട് 2011 ൽ എൻ ഡി എ മുന്നണിയിലൂടെ രാഷ്ട്രീയ പ്രവേശം.
വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു വികസനവും നടക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചതിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായി.രാത്രിയാത്ര നിരോധനം,വയനാട് മെഡിക്കൽ കോളേജ്,നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽവേ,പൂഴിത്തോട് ബദൽപാത,വന്യമൃഗ ശല്യത്തിനെതിരെയുള്ള വടക്കനാട് സമരം,കർഷക പ്രതിസന്ധി,തുടങ്ങി വയനാടിന്റെ തീരാ ദുരിതങ്ങളായ പ്രശ്നങ്ങളിൽ ആന്റോ അഗസ്റ്റിൻ സ്വീകരിച്ച നിലപാട് വളരെയധികം പ്രശംസ നേടിയിരുന്നു.എണ്ണിയാലൊടുങ്ങാത്ത സമര പരിപാടികളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആന്റോ അഗസ്റ്റിൻ മുന്നിട്ടിറങ്ങിയിരുന്നു.നീതി ആയോഗിന്റെ നേതൃത്വത്തിൽ 2022 ഓടെ വയനാടിനെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ജില്ലയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആസ്പിരേഷണൽ ഡിസ്ട്രിക്സ് പ്രോഗ്രാം സംസ്ഥാന സർക്കാരും വയനാട് ജില്ല ഭരണകൂടവും ചേർന്ന് അട്ടിമറിച്ചതിനെതിരെ നടത്തിയ ഉപവാസ സമരം ആയിരുന്നു ഒടുവിലത്തേത്.ശബരിമല വിഷയത്തിലും ക്രിസ്ത്യൻ സഭകളെ തകർക്കാൻ സർക്കാർ കൊണ്ട് വന്ന ചർച്ച് ബില്ലിനെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ആന്റോ അഗസ്റ്റിൻ.വയനാടിന്റെ മണ്ണിൽ ചുവടുറപ്പിച്ചു വളർന്ന ആന്റോ അഗസ്റ്റിന്
മണ്ഡലത്തിൽ ഉടനീളം വ്യക്തിപരമായും ബിസിനസ് പരമായും നിരവധി ബന്ധങ്ങൾ ഉണ്ട്.വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലും നിലമ്പൂരും വണ്ടൂരും ഏറനാട്ടിലും ജാതി മത ഭേദമെന്യേ നിരവധി സുഹൃത്ത് ബന്ധങ്ങൾ സൂക്ഷിക്കുന്ന ആളാണ് ആന്റോ അഗസ്റ്റിൻ.വയനാടിന് വേണ്ടി പോരാടുന്ന യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമുള്ള ആന്റോ അഗസ്റ്റിൻ വയനാടിന്റെ സാമൂഹ്യ സാംസകാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മാറ്റങ്ങൾ വരുത്തും എന്ന ഉറപ്പാണ് തന്റെ ജനങൾക്ക് നൽകിയിരിക്കുന്നത്. തന്റെ ജന്മ നാട്ടിൽ വിജയം ഉറപ്പിക്കാൻ സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ആന്റോ പറഞ്ഞു.





Leave a Reply