കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചു. ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
.
കാവുംമന്ദം: സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ടതും ഏറെ യാത്രാ പ്രാധാന്യമുള്ളതുമായ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചിരിക്കുകയാണ്. ഉടന്‍ പ്രവൃത്തി പുനരാരംലഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു. നിരവധി കാലത്തെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട 63 കോടി രൂപ ഉപയോഗിച്ച് തുടങ്ങിയ പ്രവൃത്തി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. കരാറുകാരന്‍റെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം വകുപ്പിന്‍റെ അലംഭാവവുമാണ് പ്രവൃത്തി നിലക്കാന്‍ കാരണം. ക്വാറി നിയന്ത്രണങ്ങളും ഇതിന് മറ്റൊരു കാരണമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പണി നിര്‍ത്തിയതോടെ ഈ റൂട്ടില്‍ ഗതാഗതദുരിതം അതിരൂക്ഷമായിരിക്കുകയാണ്. തുടക്കമെന്ന നിലയില്‍ കല്‍വെര്‍ട്ടുകളുടെയും സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തിയാണ് നടന്നു വന്നിരുന്നത്. സംരക്ഷണ ഭിത്തിയുടെയും കല്‍വെര്‍ട്ടിന്‍റെയും ബാക്കിയുള്ള പണി പൂര്‍ത്തിയാക്കി, റോഡില്‍ ജിഎസ്ബി, വെറ്റ് മിക്സ് എന്നിവ നിരത്തി ടാറിങ് പ്രവൃത്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. പണികള്‍ പാതി വഴിയിലായതിനാല്‍ യാത്രാ ദുരിതം അനുഭവിക്കുകയാണ് ഈ റോഡിനെ ആശ്രയിക്കുന്നവര്‍. സംസ്ഥാന പാതയിലുള്‍പ്പെട്ട ഈ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേനെ യാത്ര ചെയ്യുന്നത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടതിനാല്‍ ചെറിയ വാഹനങ്ങളും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും തകരാറിലാവുകയാണ്. മഴക്കാലം കൂടിയായതിനാല്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് മാത്രമല്ല, കാല്‍നട യാത്രക്ക് പോലും സാധ്യമല്ലാതായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് ട്രിപ്പുകള്‍ മുടങ്ങുന്നതിനാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലാവുന്നത്. പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായിട്ടും ഈ പ്രദേശവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉടന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത ദിവസം ചേരുന്ന ആക്ഷന്‍ കമ്മിറ്റിയുടെ ജനകീയ കണ്‍വെണ്‍ഷന്‍ സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.





Leave a Reply