വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു
കൽപ്പറ്റ: കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ടൗൺഷിപ്പിലെത്തിയത്. മണ്ണ് നിക്ഷേപിച്ച ഓരോ സ്ഥലങ്ങളിലും സംഘാംഗങ്ങൾ നേരിട്ടെത്തി പരിശോധിച്ചു.
ടൗൺഷിപ്പിൽ നിർമിക്കുന്ന കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പരിസരം, വീടുകളുടെ നിർമാണ മേഖലകൾ, റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളാണ് സമിതി അംഗങ്ങൾ പരിശോധിച്ചത്. റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായും നിർമാണ ചുമതലയുള്ള കിഫ്കോൺ, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രതിനിധികളുമായും സംഘാംഗങ്ങൾ ചർച്ച നടത്തി. ടൗൺഷിപ്പ് നിർമാണ മേഖലയിൽ കൂട്ടിയിട്ട മണ്ണ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന് സമിതി പരിശോധിക്കുകയാണെന്ന് ഡോ. സന്തോഷ് ജി തമ്പി പറഞ്ഞു. മഴപെയ്യുമ്പോൾ ടൗൺഷിപ്പ് പ്രദേശത്തു നിന്ന് വെള്ളം ഒഴുകി കൽപ്പറ്റ നഗരത്തിലെത്തുന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കും. വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജിയോളജിസ്റ്റ് ടി.എം ഷെൽജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.





Leave a Reply