June 21, 2026

ഹൃദയഹസ്തം: രണ്ടാംഘട്ടം ഇന്നു തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ദുരന്തബാധിതരുടെ മാനസികാരോഗ്യം ഉയര്‍ത്തുന്നതിനായുള്ള  'ഹൃദയഹസ്തം' പദ്ധതിയുടെ രണ്ടാംഘട്ടം ഇന്നുമുതല്‍ (സെപ്റ്റംബര്‍ 3)തുടങ്ങും. സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന ഈ ഘട്ടത്തില്‍ ദുരിതബാധിതര്‍ ഏറെയുള്ള 9, 10 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടക്കുക.  പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ക്ക് ആദ്യഘട്ടത്തിന്റെ തുടര്‍ച്ചയായി ഇന്ന് കൗണ്‍സലിങ് നല്‍കും. ദുരന്തത്തിന്റെ നടുക്കത്തില്‍ കഴിയുന്നവര്‍ക്കും വാര്‍ഡുകളിലെ ശേഷിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കും. ഇതിനായി അഞ്ചുപേര്‍ അടങ്ങുന്ന ഏഴു സംഘങ്ങളാണ് പുത്തുമലയിലെത്തുക. ഒരു സംഘം മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് കൗണ്‍സലിങിന് നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സിഎച്ച്സിയില്‍ കേന്ദ്രീകരിക്കുന്ന സംഘമാണ് കൗണ്‍സലിങ് നല്‍കുക. നാളെ ഒന്നുമുതല്‍ ഏഴുവരെ വാര്‍ഡിലുള്ളവര്‍ക്കാണ് കൗണ്‍സലിങ്. 8, 11, 12, 13, 14, 15, 16 വാര്‍ഡുകളിലെ ദുരിതബാധിതരെ സെപ്റ്റംബര്‍ അഞ്ചിനും 17 മുതല്‍ 22 വരെ വാര്‍ഡിലുള്ളവരെ ആറിനും കൗണ്‍സലിങിന് വിധേയരാക്കും. സെപ്റ്റംബര്‍ ആറിന് അഞ്ചുപേരടങ്ങുന്ന രണ്ടുസംഘം മേഖലയിലെ ആറ് സ്‌കൂളുകളില്‍ സമാന്തരമായി വ്യക്തിഗത-ഗ്രൂപ്പ് കൗണ്‍സലിങ് നടത്തും. പരീക്ഷകളെ ബാധിക്കാത്ത തരത്തിലായിരിക്കും ഇത്. സെപ്റ്റംബര്‍ ഏഴിന് മേപ്പാടി സിഎച്ച്സിയിലും ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കേന്ദ്രീകരിക്കുന്ന 40 കൗണ്‍സലര്‍മാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാനസികാരോഗ്യ പരിചരണം ആവശ്യമായ മറ്റുള്ളവര്‍ തുടങ്ങിയവരുമായി സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ അതിജീവന സ്നേഹസംഗമം നടക്കും. സമ്പൂര്‍ണ മാനസികാഘാത മുക്ത മേപ്പാടി പഞ്ചായത്ത് പ്രഖ്യാപനം നടത്തുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആരോഗ്യകേരളം, കണ്ണൂര്‍ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിങ് എന്നിവ സംയുക്തമായാണ് പ്രളയബാധിതര്‍ക്കുള്ള മാനസിക ശാക്തീകരണ പരിപാടി നടപ്പാക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദേശപ്രകാരം പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 19 മുതല്‍ 21 വരെയായിരുന്നു ആദ്യഘട്ടം. ഇതു വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും കൗണ്‍സലിങും സൈക്കോ തെറാപ്പിയും നല്‍കി മാനസികമായി ശാക്തീകരിക്കുകയാണ് പ്രഥമ ലക്ഷ്യം. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സജ്ജരാകത്തക്ക രീതിയില്‍ ആളുകളെ മാറ്റിയെടുക്കുക, ദുരന്തമേഖലകളില്‍ വിവിധ തലങ്ങളില്‍ മുന്‍നിരയില്‍ നിന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ മാനസികമായി ശാക്തീകരിക്കുക, ദുരന്തത്തിന്റെ വേദന മറക്കാനും പുതുജീവിതത്തിലേക്ക് വരാനുമുള്ള പൊതു അന്തരീക്ഷം സൃഷ്ടിക്കുക, ദുരന്തങ്ങളില്‍ പതറാതെ പ്രതീക്ഷയോടെ ജീവിതത്തോട് ചേര്‍ന്നുപോവാനുള്ള കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക, ദുരന്തമുഖങ്ങളില്‍ കൈമെയ് മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന വിവിധ തലങ്ങളിലെ ആളുകളുടെ കൂട്ടായ്മകളെ ശാസ്ത്രീയ, മനശ്ശാസ്ത്ര രീതികളിലുടെ ശാക്തീകരിക്കുക, ഓരോ വ്യക്തിയിലും നിലനില്‍ക്കുന്ന സ്വയം പരിഹാര ശേഷിയെ ഉണര്‍ത്തി വ്യക്തിത്വം ശക്തിപ്പെടുത്തുക തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. 
സി കെ ശശീന്ദ്രന്‍ എംഎല്‍എ, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മേപ്പാടി പാഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ഡി.എം.ഒ ഡോ. ആര്‍.രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, കണ്ണൂര്‍ ഡി.പി.എം ഡോ. കെ.വി ലതീഷ്, ജില്ലാ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിന്‍, മേപ്പാടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിദ്, ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, കണ്ണൂര്‍ ഹൃദയാരാം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍, പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ജ്യോതിസ് പാലക്കല്‍, ഹൃദയഹസ്തം കോ-ഓഡിനേറ്റര്‍ വി.വി റിനേഷ്, ടീം ലീഡര്‍ സി.എ അബ്ദുള്‍ ഗഫൂര്‍, കണ്‍വീനര്‍ എം.വി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *