November 7, 2026

വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ ‘സഹജീവനം’ അദാലത്ത് സംഘടിപ്പിച്ചു; നഷ്ടപരിഹാര തുകയും എൻ.ഒ.സി.കളും വിതരണം ചെയ്തു

0
IMG_20260813_145213
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ‘സഹജീവനം’ ഡിവിഷൻതല ജനസേവന അദാലത്ത് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് നൽകുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ അദാലത്തുകൾക്ക് കഴിയുമെന്നും, ജില്ലയിലെ വിവിധ ഡിവിഷനുകളിലെ ആർ.ആർ.ടി., പി.ആർ.ടി. ടീമുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വളരെയധികം ഗുണപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനും കേസുകൾ ഒത്തുതീർപ്പാക്കാനും വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങൾക്ക് എൻ.ഒ.സി. നൽകാനും ഇത്തരം അദാലത്തുകൾ സഹായകരമാകുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

 

അദാലത്തിൽ 15 എൻ.ഒ.സി. അപേക്ഷകൾ തീർപ്പാക്കുകയും 85 അപേക്ഷകളിലായി 14.18 ലക്ഷം രൂപ നഷ്ടപരിഹാരത്തുകയായി വിതരണം ചെയ്യുകയും ചെയ്തു. ലഭിച്ച 76 പരാതികൾ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പരിഹരിക്കും. വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, കൃഷിനാശം എന്നിവ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരവും എൻ.ഒ.സി.കളും എം.എൽ.എ. വിതരണം ചെയ്തു. കൂടാതെ വന്യജീവി സംഘർഷ ലഘൂകരണത്തിനായി പ്രവർത്തിക്കുന്ന ആർ.ആർ.ടി., പി.ആർ.ടി. സേനാംഗങ്ങളെയും അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.

 

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ് കുമാർ അധ്യക്ഷനായ ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു തുടങ്ങിയ ജനപ്രതിനിധികൾ സംസാരിച്ചു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി സ്വാഗതവും വയനാട് വന്യജീവി സങ്കേതം എ.സി.എഫ്. അജിത് കെ. രാമൻ നന്ദിയും പറഞ്ഞു. ചെതലത്ത് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ എം.കെ., കൽപ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സലീം പി., മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജു കെ.വി., സീനിയർ സൂപ്രണ്ട് വിപിത പി.വി. എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടനത്തിന് ശേഷം മുൻ ഗവ. പ്ലീഡർ അഡ്വ. പി.എം. ജോയി വനം നിയമങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് നയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *