യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2021: ആശയരൂപീകരണ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മേപ്പാടി: യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ആശയരൂപീകരണ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ പുത്തൻ ആശയത്തിന് രൂപം നൽകുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രാജ്യത്ത് സമാനതകളില്ലാത്ത പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൈപുണ്യ വികസനം, വ്യവസായ പുന:സംഘടന, കാർഷിക നവീകരണം ഇവയ്ക്ക് ഊന്നൽ നൽകി 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി പ്രകാരം സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയുടെ നാലാം ഘട്ടമാണ് പൂർത്തിയാവുന്നത്. മുൻ ഘട്ടങ്ങളിൽ നിരവധി നൂതത ആശയങ്ങളാണ് യുവാക്കളിൽ നിന്ന് ഉയർന്ന് വന്നത്. ഇവ സാങ്കേതിക സർവകലാശാലകൾ ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളുമായി ബന്ധിപ്പിച്ച് ബൃഹത്തായ രീതിയിൽ ആശയ വിപുലീകരണം നടത്താൻ സാധിച്ചിട്ടുണ്ട്. സുസ്ഥിരതയിലും, തുല്യതയിലും ഊന്നിയുള്ള സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിൽ പങ്ക് വഹിക്കാൻ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ കെ-ഡിസ്‌ക് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം. സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയുള്ള തിരഞ്ഞെടുത്ത 20 മേഖലകളിലെ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊന്നൽ നൽകിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും എന്ന വിഷയത്തിൽ ജില്ലയിൽ നടത്തിയ ആശയ രൂപീകരണ സെമിനാറിൽ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസർ പി.വി. അരവിന്ദ്, ഐ.ഐ.ടി ബോംബെ പ്രൊഫസർ ടി.ഐ. എൽദോ, എം.എസ്.എസ്.ആർ.എഫ് സീനിയർ ഡെവലപ്മെൻ്റ് കോർഡിനേറ്റർ ഗിരിജൻ ഗോപി, കണ്ണൂർ ഗവ. എഞ്ചിനീയർ കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. ടി.ഡി. ജോൺ എന്നിവർ വിഷയാവതരണം നടത്തി.
മേപ്പാടി ഡി.എം.വിംസിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. റഫീഖ്, വാർഡ് മെമ്പർ വി. കേശവൻ, ഡെപ്യൂട്ടി കളക്ടർ വി.എ. അബൂബക്കർ, എം.എസ്.എസ്.ആർ.എഫ് വയനാട് ഡയറക്ടർ വി. ഷക്കീല, കെ-ഡിസ്ക് മെൻ്റർ കെ. സദാശിവൻ, പ്രോഗ്രാം എക്സിക്യൂട്ടീവ് അനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply