ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം, തകര്‍ന്നുവീണത് കൂനൂരിലെ എസ്റ്റേറ്റില്‍
പ്രത്യേക ലേഖകൻ.
ഊട്ടി. സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ച്.
തകർന്നയുടൻ ഹെലികോപ്റ്റർ കത്തി തീർന്നു.
ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച് വിവിധ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യൻ വ്യോമസേനയുടെ എം ഐ-17V5 ഹെലികോപ്റ്റർ തകർന്നുവീണത്. 11.41-നാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂരിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്.
ഡൽഹിയിൽനിന്ന് ബിപിൻ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്നാട്ടിലെത്തിയത്. പിന്നീട് സൂലൂരിൽനിന്ന് അഞ്ചുപേർ കൂടി ഹെലികോപ്റ്ററിൽ കയറി. ബിപിൻ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വരികയായിരുന്നു സംയുക്ത സൈനിക മേധാവി. എന്നാൽ, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയിൽവെച്ച് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു
എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഹെലികോപ്റ്ററിൽനിന്ന് വലിയരീതിയിൽ തീ ഉയർന്നത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ ബാധിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികൾ ആദ്യം വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് വെല്ലിങ്ടണിലെ സൈനിക ക്യാമ്പിൽനിന്ന് സൈനികരും മറ്റും എത്തിയതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലായി.
അപകടം സംഭവിച്ച് മണിക്കൂറുകൾക്കകം വിവരം പുറത്തറിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരാണെന്ന് വ്യോമസേനയും വൈകാതെ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തിന്റെ എല്ലാ കണ്ണുകളും കൂനൂരിലേക്കായി. അപകടവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ കണ്ട് രാജ്യം നടുങ്ങി.
അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ ഏഴുപേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗുരുതരാവസ്ഥയിലായ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കോയമ്പത്തൂരിൽനിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തുടർന്നുള്ള നടപടി ക്രമങ്ങൾക്കായി ദൽഹിയിൽ കൂടി ആലോചനകൾ നടക്കുകയാണ്.





Leave a Reply