April 20, 2024

തെളിനീരൊഴുകും നവകേരളം: സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന് തുടക്കമായി

0
Newswayanad Copy 2732.jpg
കൽപ്പറ്റ : ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുളള 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. നവകേരളം കര്‍മ്മപദ്ധതി – രണ്ടിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ജലസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ ക്യാമ്പയിന്‍ പോസ്റ്ററും ലോഗോയും നവകേരളം കര്‍മ്മപദ്ധതി- 2 മാര്‍ഗ്ഗ നിര്‍ദ്ദേശ പുസ്തകവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍.പ്രഭാകരന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി) റഹീം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനുള്ള 'ഇനി ഞാന്‍ ഒഴുകട്ടെ' പരിപാടിയുടെ തുടര്‍ച്ചയായിട്ടാണ് 'തെളിനീരൊഴുകും നവകേരളം ക്യാമ്പയിനും വിഭാവനം ചെയ്തിരി ക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിനജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ നിര്‍മാര്‍ജനത്തിനും ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുക, മലിനീകാരികളായ ഉറവിടങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തുക, ജനപങ്കാളിത്തത്തോടെ ഇവ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുക, വാതില്‍പ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ എല്ലാ തലങ്ങളിലൊരുക്കിയും ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുക, തീവ്ര വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിനിലൂടെ 'ജലസ്രോതസുകള്‍ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്താണ്' എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് ക്യാമ്പയിനിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ജില്ലാ ഭരണ കൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവരാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പയിന്‍ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ഭരണ സമിതി യോഗവും ചേരും. ഏകോപനത്തിനായി വാര്‍ഡ് തലങ്ങളില്‍ ജലസമിതികള്‍ രൂപീകരിക്കും. ജനകീയ പങ്കാളിത്തത്തോടെ മലിനീകാരികളായ ഉറവിടങ്ങളെ കണ്ടെത്താനുളള ജല നടത്തം, ഇത്തരം ഉറവിടങ്ങളെ പട്ടികപ്പെടുത്തല്‍, ശുചിത്വാവസ്ഥ വിലയിരുത്തല്‍ എന്നിവക്കായി ജലസഭ, മാപ്പിംഗ് , സമ്പൂര്‍ണ്ണ ജല ശുചിത്വത്തിനായി കര്‍മ്മപദ്ധതി തയാറാക്കി ജനകീയ ശുചീകരണ യജ്ഞം എന്നിവയും ക്യാമ്പയിനില്‍ നടക്കും. ക്യാമ്പയിന്‍ ലോക ഭൗമദിനം വരെ നീണ്ടു നില്‍ക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *