March 25, 2023

നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

IMG_20221003_094410.jpg
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, ബില്‍ഡിംഗ്, പാലം പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ പ്രവൃത്തി നിര്‍ത്തിവെച്ച കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ മണ്ണ് പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചു. അതിന്റെ ഡിസൈന്‍ തയ്യാറാക്കുവാന്‍ വേണ്ടി ഡിസൈനിംഗ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചക്കകം ഡിസൈനിംഗ് ലഭ്യമാക്കാനും രണ്ടാഴ്ച കൊണ്ട് പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുവാനും യോഗത്തില്‍ കെ.ആര്‍.എഫ്.ബി യെ ചുമതലപ്പെടുത്തി. കൂടാതെ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ബൈപ്പാസ് റോഡിന്റെ നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കാലവര്‍ഷം കാരണം പ്രവൃത്തി നിര്‍ത്തിവെച്ച നാഷണല്‍ ഹൈവേയുടെ കല്‍പ്പറ്റ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ അവശേഷിക്കുന്ന ഭാഗം നവംബര്‍ മാസത്തോട് കൂടി പൂര്‍ത്തിയാക്കണമെന്നും, നാഷണല്‍ ഹൈവേയുടെ വീതി കൂട്ടലിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ റോഡ് കടന്ന് പോകുന്ന സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി അടിയന്തിരമായി ആരംഭിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
മേപ്പാടി-ചൂരല്‍മല റോഡില്‍ എച്ച്.എം.എല്ലിന്റെ ഭാഗമായിട്ടുള്ള 6.6 കി. മീറ്റര്‍ നിലവിലെ വീതി വെച്ച് പ്രവര്‍ത്തി പൂര്‍ത്തികരിക്കാനും ബാക്കിയുള്ള ഭാഗങ്ങളില്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ വീതി കൂട്ടി പ്രവര്‍ത്തി നടത്തുവാനും അതിന്റെ അടിസ്ഥാനത്തില്‍  എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്തു സാങ്കേതികാനുമതി വാങ്ങാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിരദ്ദേശം നല്‍കി.
കല്‍പ്പറ്റ-ബത്തേരി റോഡിലെ മുട്ടില്‍ വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഈ മാസം ഏഴാം തിയ്യതി എം.എല്‍.എ യുടെ നേതൃത്വത്തില്‍ കളക്ടറും, നാഷണല്‍ ഹൈവ്വേ അധികൃതരും, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ ഹൈവേയുടെ സൈഡിലുള്ള കാടുകള്‍ വെട്ടുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ബില്‍ഡിംഗ്‌സ്, റോഡ്‌സ്, ബ്രിഡ്ജസ് തുടങ്ങിയ എല്ലാ പ്രവര്‍ത്തികളെ കുറിച്ചും യോഗത്തില്‍ അവലോകനം നടത്തിയതായി എം.എല്‍.എ അറിയിച്ചു.യോഗത്തിൽ പി.ഡബ്ല്യു.ഡി റോഡ്സ് എക്സിക്യൂട്ടിവ് എൻജിനിയർ ഗോകുൽദാസ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിധിൽ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിത, നാഷണൽ ഹൈവേ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റെനി, പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റൻ്റ്  എൻജിനീയർ വിന്നി ജോൺ, എന്നിവർ  പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *