May 30, 2023

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ.

0
IMG_20221015_131829.jpg
മാനന്തവാടി: മാനന്തവാടിയിൽ തന്നെ മെഡിക്കൽ കോളേജ് എന്ന നിലപാടിൽ മാറ്റമില്ലെന്ന് മാനന്തവാടി എം. എൽ .എ .ഒ. ആർ. കേളു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.  വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കും.വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് എന്നതിന് തുടക്കമിട്ടത്  2015 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍  അധികാരത്തില്‍ ഉള്ളപ്പോഴാണ്. 2015 ല്‍ മടക്കിമലയില്‍  ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്  സൗജന്യമായി നല്‍കിയ ഭൂമിയില്‍  മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന
ഉമ്മന്‍ചാണ്ടി  തറക്കല്ലിട്ടു. തുടര്‍ന്ന് 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍  ഈ പദ്ധതി ഉപേക്ഷിക്കാതെ  കിഫ്ബിയില്‍ നിന്നും തുക വകയിരുത്തുകയും മെഡിക്കല്‍ കോളേജ്  സ്ഥാപിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു.അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍  തറക്കല്ലിടുകയും  ചെയ്തു. ഈ പ്രവര്‍ത്തി പുരോഗമിക്കവേയാണ് 2018 ലും 2019 ലും ഭീകരമായ പ്രളയം ഉണ്ടായത്.  തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗം നടത്തിയ പരിശോധനയില്‍ (എന്‍ഐടി) പ്രസ്തുത മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്ന സ്ഥലം പാരിസ്ഥിതിക ദുര്‍ബല ഭൂമി ആണെന്നും മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്നും രേഖാമൂലം  സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന്  പ്രസ്തുത സ്ഥലത്തിന് പകരം  വൈത്തിരി ചേലോട്  ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച്  സ്ഥലം ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോയി. എന്‍ഐടിയുടെ പരിശോധനയില്‍ ഈ സ്ഥലവും പാരിസ്ഥിതിക ലോല പ്രദേശമാണെന്ന്  ബോധ്യപ്പെട്ട് ഈ സ്ഥലവും  ഉപേക്ഷിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജായ വിംസ് ഏറ്റെടുക്കുന്നതിനായി ശ്രമം നടത്തി. ഈ ശ്രമവും  വിജയകരമല്ലെന്ന് കണ്ട് ഗവണ്‍മെന്റ് പിന്‍മാറി.
വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് വേണമെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ബന്ധിത താത്പര്യപ്രകാരം  ആണ്  വയനാട് ജില്ലയിലെ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജിനായി അപ്‌ഗ്രേഡ് ചെയ്തു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 140 ഓളം തസ്തികകള്‍ സൃഷ്ടിച്ച് കൊണ്ടും ജീവനക്കാരെ നിയമിച്ച് കൊണ്ടും  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.നേഴ്‌സിംഗ് കോളേജിന്റെ പുതിയ കെട്ടിടത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ഓഫീസ് താത്ക്കാലിമായി പ്രവര്‍ത്തനം ആരംഭിച്ചു. മള്‍ട്ടിപര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു. കാത്ത് ലാബിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എംഎല്‍എ ഫണ്ടില്‍ നിന്നും 4 കോടിയോളം രൂപ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തി കഴിഞ്ഞു. മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നതിന് ഹോസ്പിറ്റല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചു.           യഥാര്‍ത്ഥ വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെ  മാനന്തവാടിക്കാര്‍ നാളിത് വരെ ഒരു തരത്തിലുമുള്ള പ്രദേശികവാദവും ഉന്നയിച്ചിട്ടില്ല.വയനാട്ടില്‍ എവിടെയെങ്കിലും ഒരു മെഡിക്കല്‍ കോളേജ് വരണം എന്നുള്ളതാണ് മാനന്തവാടിക്കാരുടെ നിലപാട്.
സമരക്കാരോടും പ്രാദേശികവാദക്കാരോടും പറയാനുള്ളത് മെഡിക്കല്‍ കോളേജ് എന്നാല്‍ എന്താണെന്ന് കൃത്യമായി മനസിലാക്കണം മെഡിക്കല്‍ കോളേജ് എന്നാല്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും പുതിയ ഡോക്ടര്‍മാരേയും മറ്റും വാര്‍ത്തെടുക്കുന്നതിനും, മെഡിക്കല്‍ രംഗത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്ഥാപനമാണെന്ന്   മനസിലാക്കണം.  മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം അനുസരിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍(നീറ്റ്, കീം)വഴിയാണ്  വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇത് പ്രകാരം  രാജ്യത്തെ ഏതൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും യോഗ്യതക്കനുസരിച്ച് ഏതൊരു മെഡിക്കല്‍ കോളേജിലും പ്രവേശനം നേടാവുന്നതാണ്.അല്ലാതെ കല്‍പ്പറ്റക്കാര്‍ക്ക് മാത്രമല്ല.
ഈ കാര്യങ്ങള്‍ മറച്ചു വെച്ചാണ് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ചില സമര കോലാഹലങ്ങള്‍ കല്‍പ്പറ്റയില്‍ നടന്നു വരുന്നത്. ഭാവിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നതിനായി  പേരിയ വില്ലേജിലെ ഗ്ലെന്‍ലേവന്‍ എസ്റ്റേറ്റ് ഏറ്റെടുത്തഭൂമിയുമായി  ബന്ധപ്പെട്ട് ചില തര്‍ക്ക വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതായത് 1942 ല്‍ ശ്രീ അനന്തന്‍ നായര്‍ എന്ന ജന്മി ഗ്ലേന്‍ലെവന്‍ എസ്റ്റേറ്റിന്  99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുകയാണുണ്ടായത്. ഗ്ലെന്‍ലേവന്‍ മാനേജ്‌മെന്റ് പി.സി ഇബ്രാഹിം എന്ന വ്യക്തിക്ക് മറിച്ച് പാട്ടത്തിന് കൊടുത്തത്. ഈ സ്ഥിതി നിലനില്‍ക്കെയാണ് മെഡിക്കല്‍ കോളേജിനായി മേല്‍ ജന്മിയുടെ അനന്തരവകാശികള്‍ക്ക് കുഴിക്കൂറിനുള്ള തുക കോടതിയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ സ്ഥലം  ഏറ്റെടുത്തതും  പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോയതും.  ഈ വിഷയം  സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍ ഉള്ളതുമാണ്. സ്ഥലത്തിന്റെ  യഥാര്‍ത്ഥ ജന്മിയുടെ പിന്‍മുറക്കാര്‍ എന്ത് വിലക്കൊടുത്തും  ബോയ്‌സ് ടൗണിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്ന നിലയില്‍ ഉറച്ചുനില്‍ക്കുകയുമാണ്.സ്ഥലം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നം ഉണ്ടായാല്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്യും.
2016ല്‍ മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് വരുമെന്ന് പ്രതീക്ഷിച്ച് തത്പര കക്ഷികളായ ചില ഭൂമാഫിയകള്‍ പ്രദേശത്ത് വികസന സാധ്യത മുന്നില്‍ കണ്ട് നിരവധി ഭൂമി വാങ്ങി കൂട്ടിയതായാണ് വിവരം.നിലവില്‍ നടക്കുന്ന സമരത്തിന് പിന്നിലുള്ള സാമ്പത്തീക ശ്രോതസിനെ പറ്റി റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഈകാര്യത്തില്‍ പോലീസ് അന്വേഷണത്തിന് ആവശ്യപ്പെടും. പാവങ്ങളായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ പോലും തെറ്റിധരിപ്പിച്ച് സമരായുധമാക്കുന്ന രീതി അംഗീകരിക്കില്ല. ഈ യാഥാര്‍ത്ഥ്യം  ജനാധിപത്യ വിശ്വാസികള്‍ മനസിലാക്കണമെന്നും  വയനാട്ടിലെ മാനന്തവാടിയില്‍ തന്നെ  മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള  നടപടിയുമായി  എംഎല്‍എയും  സര്‍ക്കാരും മാനന്തവാടിയിലെ പൊതുസമൂഹം   ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്നും  എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്ന് ഇതോടൊപ്പം എം. എൽ .എ  അഭ്യര്‍ത്ഥിച്ചു. പത്രസമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബിയും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *