താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പാ ഉദ്ഘാടനം നാളെ

തരിയോട്: വയനാടിന്റെ ടൂറിസം വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ തരിയോട് മഞ്ഞൂറയില്‍ ഒരുങ്ങി. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറില്‍ പരിസ്ഥിതി സൗഹൃദപരമായി പണിതുയര്‍ത്തിയ താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പാ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായൊരുക്കിയിരിക്കുന്നത്. ഒറ്റയടിക്ക് 120 കോടി രൂപയുടെ ടൂറിസം നിക്ഷേപം വയനാട്ടില്‍ ആദ്യത്തേതാണ്. ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് താജിന്റെ വയനാട്ടിലേക്കുള്ള വരവ്. പ്രവാസി മലയാളിയായ എന്‍. മോഹന്‍കൃഷ്ണന്റെ സ്വപ്ന പദ്ധതിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍. പ്രദേശവാസികളായ ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ നല്‍കാനും മഞ്ഞൂറ ഗ്രാമത്തിന്റെയാകെ മുഖച്ഛായ മാറ്റാനും താജിന്റെ വരവോടെ കഴിഞ്ഞു. താജ് വയനാട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വയനാടിന്റെ ടൂറിസം മേഖലയ്ക്കു മാത്രമല്ല, ജില്ലയുടെ സാമ്പത്തികമേഖലയ്ക്കാകെ പുത്തനുണര്‍വായിരിക്കുമെന്ന് ബാണാസുരസാഗര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്സ് സിഎംഡി എന്‍. മോഹന്‍ കൃഷ്ണന്‍ പറഞ്ഞു.
ജലാശയത്തോടു ചേര്‍ന്ന ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹരമായ കാഴ്ച പകര്‍ന്നു നല്‍കുന്നു. ഭൂമിയുടെയും ആകാശത്തിന്റെയും ജലാശയത്തിന്റെയും പനോരമിക് കാഴ്ച നല്‍കുന്ന മുറികളും കോട്ടേജുകളും വില്ലകളും 3 റസ്റ്റോറന്റുകളുമാണ് പ്രധാന പ്രത്യേകത. 864 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രസിഡന്‍ഷ്യല്‍ വില്ലയും ഒരുക്കിയിട്ടുണ്ട്. ലോകത്തെല്ലായിടത്തുമുള്ള തനതുരുചികളും ഇവിടെ പരിചയപ്പെടാം. 4 പൂള്‍ വില്ലകളും 42 വാട്ടര്‍ ഫ്രണ്ടേജ് കോട്ടേജുകളും ഉൾപ്പെടെ 61 മുറികളും റൂഫ് ടോപ് ബാറും ഗാര്‍ഡന്‍ ഏരിയയുമെല്ലാം താജ് വയനാടിന്റെ സൗകര്യങ്ങളാണ്. യോഗ പവലിയന്‍, ആംഫി തിയറ്റര്‍, ജീവ സ്പാ എന്നിവയുള്‍പെട്ട വെല്‍നെസ് പാക്കേജുകളും ലഭ്യമാണ്.
ഹോട്ടലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22ശനിയാഴ്ച രാവിലെ 9.30ന് ബഹു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
എന്‍. മോഹന്‍ കൃഷ്ണന്‍, ഐ. സിദ്ദിഖ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Leave a Reply