സോയിൽ ഹെൽത്ത് ക്യാമ്പയിനും അനിമൽ ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു

മുള്ളൻകൊല്ലി: വയനാട് കൃഷി വിജ്ഞാന കേന്ദ്രം, മണ്ണ് പരിവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മുള്ളൻകൊല്ലി കൃഷിഭവൻ എന്നീ വകുപ്പുകളുമായി സഹകരിച്ച് കൊളവള്ളി നീർത്തട പ്രദേശ പരിധിയിലുള്ള കർഷകരുടെ മണ്ണ് പരിശോധനയും, നീർത്തട ഗ്രാമസഭയും സീതാമൗണ്ട് ക്ഷീര ഉത്പാദക കർഷക സംഘം ഹാളിൽ വച്ച് നടത്തി . ഗ്രാമസഭയിൽ നീർത്തട പരിധിയിൽ വരുന്ന കർഷകരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയും, തുടർ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുവാനും, അനാവശ്യ വളപ്രയോഗം മൂലമുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കുവാനുമായി മണ്ണ് പരിശോധിച്ച് വിളക്കനുയോജ്യമായ ശാസ്ത്രീയ വളപ്രയോഗ നിർദ്ദേശങ്ങളും നൽകി. ഇതോടനുബന്ധിച്ച് നടത്തിയ ആനിമൽ ഹെൽത്ത് ക്യാമ്പിൽ ഡോ. ദീപ സുരേന്ദ്രൻ (അസിസ്റ്റന്റ് പ്രൊഫസർ, അനിമൽ സയൻസ്) ന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ രോഗ നിർണ്ണയം നടത്തുകയും ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വെള്ളാനിക്കര കാർഷിക കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ കർഷകരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി നാഷണൽ ഇനീഷ്യേറ്റീവ് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ സ്വാഗതമർപ്പിച്ച ചടങ്ങിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ജോസ് അധ്യക്ഷത വഹിച്ചു.മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ദീപ സി ബി, മുള്ളൻകൊല്ലി കൃഷി ഓഫീസർ സുമിന റ്റി എസ്, സീനിയർ റിട്ടയേർഡ് വെറ്ററിനറി സർജൻ ഡോ. ഹാരിഫ് സി, ഡോ. ആദർശ്, സീതാമൗണ്ട് ക്ഷീര സംഘം പ്രസിഡന്റ് വി എസ് മാത്യു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഗ്രോണമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദുലേഖ വി പി നന്ദിയർപ്പിച്ചു.



Leave a Reply