ലക്ഷ്യ 2024: വയനാട്ടില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി കോണ്‍ഗ്രസ്

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി ഭാഗമായി 'ലക്ഷ്യ 2024' ക്യാംപ് എക്‌സിക്യുട്ടീവ് നടത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ ഉജ്വലവിജയം മോദി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചെത്തുമെന്നും, 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ സജ്ജമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-കേരളാ സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ സര്‍വമേഖലയെയും തകര്‍ത്തതായി പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നേതാക്കള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യം കാരണം ജനജീവിതം ഏറ്റവും ദുരിതപൂര്‍ണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്യാംപിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. കാര്‍ഷിക വ്യാവസായികമേഖലകളില്‍ കോണ്‍ഗ്രസ് ഭരണ കാലഘട്ടത്തില്‍ കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന തെറ്റായ സമീപനമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യവും, മതേതരത്വവും ഇന്ന് ഏറ്റവും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാഭരണഘടനാസ്ഥാപനങ്ങളെയും തകര്‍ക്കുന്ന സമീപനമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. ജനാധിപത്യരീതിയില്‍ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെ പുറത്താക്കി ഭരണഘടനാ വ്യവസ്ഥകളെ പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കാര്‍ഷിസമൃദ്ധിയുടെ നാടായിരുന്ന വയനാടിനിന്ന് അതെല്ലാം പഴങ്കഥയായിരിക്കുകയാണ്. ചെടികളുടെ പ്രായാധിക്യമാണ് കാര്‍ഷികമേഖല നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന്. 60 മുതല്‍ 70 വര്‍ഷം വരെ പ്രായമുള്ള കാപ്പിച്ചെടിയും, കുരുമുളക് വള്ളികളുമാണ് ജില്ലയിലെ ഭൂരിഭാഗം കൃഷിയിടങ്ങളിലുമുള്ളത്. ജനസേചനസൗകര്യത്തിന്റെ അഭാവവും, അടിക്കടിയുണ്ടാകുന്ന രോഗങ്ങളും ഉല്പാദനത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്. സമാനമായ അവസ്ഥയാണ് തേയില തോട്ടങ്ങളും നേരിടുന്നത്. പഴയ ചെടികള്‍ മാറ്റി തോട്ടങ്ങള്‍ നവീകരിക്കുന്നതിനുള്ള ഒരു കാര്‍ഷികപാക്കേജിന് യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒരു നീക്കവും ഇതുവരെയുണ്ടായിട്ടില്ല. കാര്‍ഷിക ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഉല്പാദനകുറവും കര്‍ഷകരെ നിത്യദുരിതത്തിലേക്ക് തള്ളിയിടുകയാണ്. കാര്യക്ഷമമായ മാര്‍ക്കറ്റിംഗ് ഇടപെടലിലൂടെ വിലനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറുകയാണ്. ആറ് ദശവര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ഭൂപരിഷ്‌ക്കരണ നിയമം സമൂലമായി പരിഷ്‌ക്കരിച്ചുകൊണ്ട് ഭേഗദതി ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. തോട്ടങ്ങളില്‍ മറ്റ് കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനോ, വാസഗൃഹങ്ങള്‍ നിര്‍മ്മിക്കാനോ സാധിക്കാത്തത് ഇതുകൊണ്ടാണ്. ഇതിനെല്ലാം പുറമെയാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന കര്‍ഷകവിരുദ്ധ നിലപാടുകള്‍. വനഭാഗത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷികഭൂമിക്ക് എല്ലാ രേഖകളും ഉണ്ടെങ്കില്‍ പോലും വായ്പ നിഷേധിക്കുകയാണ്. കരിനിയമമായ സര്‍ഫാസി ആക്ട് ഉപയോഗിച്ച് കര്‍ഷകരുടെ ഭൂമികള്‍ ജപ്തി ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് പലിശയിളവ് ചെയ്തുനല്‍കിയും, ഉപാധിരഹിത വായ്പകള്‍ അനുവദിച്ചും സഹായിക്കുവാന്‍ ബാങ്കുകള്‍ തയ്യാറാകണം. വന്യമൃഗ ആക്രമണത്തില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ സഹായിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാരിന്റെ മാതൃക സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്യബോധമില്ലാതെയും, ആവശ്യമായ ഗൃഹപാഠമില്ലാതെയും നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ കാരണം പഠനനിലവാരം കുത്തനെയിടിഞ്ഞ കേരളത്തില്‍ ഫിന്‍ലാന്റ് മാതൃക എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പിന്‍വാതില്‍ നിയമനത്തിലൂടെ സ്വന്തക്കാര്‍ക്ക് മാത്രം തൊഴില്‍ നല്‍കുന്ന സി പി എം സമീപനം പി എസ് സിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. സര്‍വകലാശാലകളുടെ ഭരണരംഗത്ത് ഉണ്ടായിരിക്കുന്ന സ്തംഭനനാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യവും സംസ്ഥാനവും നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സൃഷ്ടിയാണ്. അഞ്ച് വര്‍ഷത്തേക്ക് വില കൂടില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ അമ്പെ പരാജയപ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ ഒരു ന്യായീകരണവുമില്ലാതെ വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനവിനെ ആക്കം കൂട്ടുകയാണ്. ക്ഷേമപെന്‍ഷനുകള്‍ പോലും യഥാസമയം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ആരെയും നാണിപ്പിക്കുന്നതാണ്. വിദേശയാത്രകള്‍ക്കും, ആഡംബര കാറുകള്‍ക്കും മറ്റുമായി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്. വീണ്ടും വീണ്ടും കടം വാങ്ങി ഒരോ പൗരനെയും കടത്തില്‍ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നതെന്നും പ്രമേയം പറയുന്നു. വയനാടിന്റെ സ്വപ്‌നപദ്ധതികളായ വയനാട് ഗവ. മെഡിക്കല്‍ കോളജ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത, ചുരം ബൈപ്പാസുകള്‍ എന്നിവയെല്ലാം ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. വയനാടിനോട് ഒരുകാലത്തും കാണിക്കാത്ത അവഗണനയാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ക്യാംപ് വിലയിരുത്തി. 2024-ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാംപ് രൂപം നല്‍കി. പാര്‍ട്ടിയെയും പോഷകസംഘടനകളെയും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍സെക്രട്ടറിമാരായ ജമീല ആറ്റപ്പിള്ളി, കെ കെ ഏബ്രഹാം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന്റെ ചുമതല വഹിക്കുന്ന കെ പി സി സി അംഗം പി ടി മാത്യു, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, യു ഡി എഫ് ജില്ലാകണ്‍വീനര്‍ കെ കെ വിശ്വനാഥന്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ ഇ വിനയന്‍, പി പി ആലി തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply