ഫോറെൻസിക് സർജൻ ഇല്ലെന്ന കാരണം: പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു

മാനന്തവാടി:കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ച മാനന്തവാടി പാണ്ടിക്കടവ് അഷ്‌റഫിന്റെ ഭാര്യ ഹസീന (41)യുടെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹസീന വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻ മാനന്തവാടിയിലുള്ള വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരണം സംഭവിച്ചതിനാൽ മെഡിക്കൽ കോളേജ് അധികൃതർ പോസ്റ്റ് മോർട്ടം വേണമെന്ന നിലപാടെടുത്തു. എന്നാൽ മുൻ അസുഖ രേഖകൾ ഹാജരാക്കിയ ബന്ധുക്കൾ പോസ്റ്റ് മോർട്ടം നടത്താതെ ബോഡി വിട്ടു നൽകുവാൻ അപേക്ഷിച്ചെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം വിട്ടു നൽകിയില്ല.
മാത്രമല്ല വയനാട് മെഡിക്കൽ കോളേജിൽ ഫോറെൻസിക് സർജൻ ഇല്ലാത്തതിനാൽ ഇവിടെ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുവാനും തയ്യാറായില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് അധികൃതർ ഹസീനയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്ത് കയ്യൊഴിഞ്ഞത്.മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്ന സംവിധാനം ഒരുക്കാത്ത മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയും നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.



Leave a Reply