March 29, 2024

വയനാട്ടിൽ ഉൾക്കൊള്ളാനാവുന്നതിലും അധികം കടുവകൾ : ഇനിയും കടുവകൾ നാട്ടിലിറങ്ങാൻ സാധ്യതയെന്ന് വനം വകുപ്പ്

0
Img 20230115 Wa0030.jpg
 
കൽപ്പറ്റ : വയനാട്ടിൽ ഇനിയും അടുത്തുതന്നെ പത്തോളം കടുവകൾ നാട്ടിലിറങ്ങാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പിന്റെ വിലയിരുത്തൽ. യൗവനത്തിലേക്ക് കടന്ന് സംഘത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളും പ്രായാധിക്യമോ പരുക്കുകളോ ആയി  സ്വന്തം സാമ്രാജ്യം വിട്ട് പുറത്ത്  പോകേണ്ടി വരുന്ന ആൺ കടുവകളുമായിരിക്കും  പുറം ചാടി ജനവാസ കേന്ദ്രങ്ങളിലും മറ്റും  എത്തുക.വയനാട്ടിൽ ആകെ 157 കടുവകൾ ഉണ്ടെന്നാണ്  കണ്ടെത്തിയിരിക്കുന്നത് . പക്ഷേ , ആ കണക്ക് വിശകലനം ചെയ്തു പുറത്ത്  വന്നിട്ടില്ല . വയനാട് വന്യജീവി സങ്കതത്തിൽ മാത്രം കുറഞ്ഞത് 120-130 കടുവകൾ ഉണ്ടാകും . ഇത്രയും കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷി 344 ചതുര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള വന്യജീവി സങ്കേതത്തിനില്ല . സൈബീരിയയിൽ 3000 ചതുരശ്രകിലോമീറ്റർ ആണ് ഒരു കടുവയ്ക്കു വേണ്ടത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ വയനാട് വന്യജീവി സങ്കേതത്തിലെ ഒരു കടുവയ്ക്കു വിഹരിക്കാൻ കിട്ടുന്നതു പരമാവധി 2 ചതുരശ്ര കിലോമീറ്റർ സ്ഥലം മാത്രമാണ്.
വയനാട്ടിൽ  വനത്തിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ കടുവകൾ ഇപ്പോൾ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.  ആവശ്യത്തിന് ഇര ഉള്ളതിനാലാണ്   ജനവാസ കേന്ദ്രങ്ങളിൽ  അധികവും വരാത്തതെന്ന് വനം  ഉദ്യോഗസ്ഥർ  പറയുന്നു . 
ബന്ദിപ്പൂർ, നാഗർഹോളെ കടുവാ സങ്കേതങ്ങളാണ് കേരളത്തിലെത്തുന്ന കടുവകളുടെ ആവാസ കേന്ദ്രം. ഒരു ആൺകടുവയുടെ സാമ്രാജ്യത്തിൽ രണ്ടോ മൂന്നോ പെൺകടുവകൾ മാത്രമേ വസിക്കുകയുള്ളൂ. പിന്നെ കുഞ്ഞുങ്ങളും ഉണ്ടാവും. മറ്റ് ആൺകടുവകൾക്ക് അവിടെ എത്തണമെങ്കിൽ അവിടെയുള്ള ആൺ കടുവയെ  കീഴ്‌പ്പെടുത്തണം. ഇങ്ങനെ കീഴ്‌പ്പെട്ടു, പരുക്കേറ്റ് പുറത്താവുന്ന ആൺകടുവകൾ ആയാസമില്ലാതെ ഇര ലഭിക്കുന്ന മേഖലകളിലേക്ക് വാസം മാറ്റും. വനപ്രദേശങ്ങളിൽ ജനങ്ങൾ കന്നുകാലികളെ മേയാൻ വിടുന്നതും ഇങ്ങനെയുള്ള കടുവകളെ ആകർഷിച്ച് പുറത്തേക്ക് എത്തിക്കും.
കുഞ്ഞുങ്ങൾ യൗവനത്തിലേക്ക് കടക്കുമ്പോഴും ഇങ്ങനെ സംഘത്തിൽ നിന്ന് പുറത്താക്കപ്പെടും. അവരും ആയാസമില്ലാതെ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ തുനിയുമ്പോൾ വയനാടൻ കാടുകൾ അതിന് പറ്റിയ ഇടമായി മാറുന്നു. പ്രത്യേകിച്ചും നവംബർ മുതൽ മാർച്ച് വരെ കടുവകൾ ഇണയെ തേടുന്ന സീസണിൽ.
ഇരയ്ക്കായും സാമ്രാജ്യത്തിനായുമുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് പുറന്തള്ളപ്പെടുന്ന കടുവകളാണ് അധികവും നാട്ടിൽ എത്തുന്നത്. കുറുക്കൻമൂലയിൽ മാസങ്ങളോളം വനം വകുപ്പിന്റെ ഉറക്കം കെടുത്തിയ കടുവയുടെ കഴുത്തിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. അതിനു ശേഷം പിടിയിലായ ഒന്നിന്റെ പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊന്നിന് കാലിൽ ഗുരുതര പരുക്ക് കണ്ടെത്തിയിരുന്നു.
മനുഷ്യജീവന് ഭീഷണി ആകുന്ന കടുവകളെ മാത്രമേ മയക്കുവെടി വച്ച് പിടിക്കാൻ വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാൻ സാധിക്കുകയുള്ളൂ. ഇവയെ എവിടെ തുറന്നു വിടും എന്നതും പ്രശ്നമാണ്. വയനാട്  കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അഞ്ചാമത്തെ  കടുവയെയാണ് എത്തിച്ചത്. 4 കടുവകൾക്കും 2 പുലികൾക്കുമുള്ള സ്ഥലമേ ഇവിടെയുള്ളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *