തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന; എഐടിയുസി പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി യൂണിയന്‍ (എഐടിയുസി) പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിച്ച കരാര്‍ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ജനുവരി ഒന്നു മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹത ഉണ്ട്. തോട്ടം ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ വേതന വര്‍ധന നടത്താന്‍ തയാറാകുന്നില്ല. ഇരുപത് രൂപ വർദ്ധിപ്പിക്കാം എന്ന ഉടമകളുടെ നിര്‍ദ്ദേശം തൊഴിലാളി പ്രതിനിധികള്‍ തളളി. മുന്‍കാല പ്രാബല്യം നല്‍കാനും ഉടമകള്‍ തയാറായിട്ടില്ല. തോട്ടം വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ നല്‍കിയ ആവശ്യങ്ങള്‍ മിക്കവയും നടപ്പാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പോലും വേതന വര്‍ദ്ധന നടപ്പാക്കാന്‍ ഉടമകള്‍ തയാറാകുന്നില്ല. സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമെ വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയൊളളു. വ്യവസായ വകുപ്പിന്റെ ഭാഗമായ തോട്ടം വ്യവസായത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യവും ഉണ്ടാകണം. തൊഴില്‍, വ്യവസായ മന്ത്രിമാരുടെ മുമ്പാകെ വേതന വര്‍ദ്ധന ചര്‍ച്ചകള്‍ നടത്തി പുതുക്കി നിശ്ചയിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി ഇരുപതിന് ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പതിനൊന്നിന് ജില്ലയില്‍ വാഹന പ്രചരണ ജാഥ നടത്തും. പത്ര സമ്മേളന ത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര, സെക്രട്ടറി പി കെ മൂര്‍ത്തി, വൈസ് പ്രസിഡന്റ് സി എസ് സ്റ്റാന്‍ലി, ജോയിന്റ് സെക്രട്ടറി വി യൂസഫ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply