വിശ്വനാഥന്റെ മരണം: മർദ്ദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണം : ബി.എസ്.പി

കൽപ്പറ്റ : ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥൻ മരണപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ്. മോഷണ കുറ്റം ആരോപിച്ച് നിരപരാധിയായ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും, മോഷ്ടാവെന്ന് മുദ്രയടിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തവരെ പ്രതികളാക്കി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബഹുജൻ സമാജ് പാർട്ടി സംസ്ഥാന കൺവീനർ രമേഷ് നന്മണ്ട കൽപറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രതസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ മരണപ്പെട്ട വിശ്വനാഥന്റെ വീടും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ദലിതരും ആദിവാസികളും കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ ധാരണ അത്യന്തം അപകടകരമാണ്. പ്രതികൾ സംരക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ നില നിൽക്കുന്നത്. അട്ടപ്പാടിയിലെ മധുവും, ആറ്റിങ്ങലിലെ പെൺകുട്ടിയും ഉൾപ്പെടെ നിരവധിപേർ ഇതിന് ഉദാഹരണങ്ങളാണ്.
പിറന്നു വീണയുടൻ അച്ഛനെ നഷ്ടപ്പെട്ട വിശ്വനാഥൻറെ കുട്ടിക്കും, ആരുമില്ലാതായ വിശ്വനാഥൻ റെ ഭാര്യയ്ക്കും, കുടുംബത്തിനും സംരക്ഷണം നല്കാൻ ഗവൺമെന്റ് തയ്യാറാവണം.
വിശ്വനാഥനെ മർദ്ദിക്കുന്നത് കണ്ടിട്ടും രക്ഷിക്കുവാനോ, മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കാനോ തയ്യാറാകാതിരുന്ന സെക്യൂരിറ്റി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ്ചെയ്യണം.
മോഷണാരോപണത്തിത്തിൽ സംഭവിച്ച മാനഹാനിയിലും, ക്രൂരമായ മർദ്ദനത്തേയും തുടർന്നാണ് വിശ്വനാഥനെ കാണാതാവുന്നത്. വിശ്വനാഥനെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ബന്ധുക്കളെ പോലീസ് അധിക്ഷേപിച്ച് ഇറക്കി വിടുകയാണുണ്ടായത്. പോലീസ് നീതിപൂർവ്വം പെരുമാറിയിരുന്നെങ്കിൽ വിശ്വനാഥനെ രക്ഷിക്കാമായിരുന്നു. കുറ്റകരമായ അനാസ്ഥയും, അവഗണനയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളേജിലെ സി.സി.റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച് വിശ്വനാഥനെ മർദ്ദിച്ചവരെ കണ്ടെത്തി നരഹത്യക്ക് അറസ്റ്റ് ചെയ്യണമെന്നും, മെഡിക്കൽ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ബഹുജൻ സമാജ് പാർട്ടി ആവശ്യപ്പെട്ടു.
വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും കുറ്റകരമായ അലംഭാവം തുടർന്നാൽ വിശ്വ നാഥന്റെ കുടുംബാംഗങ്ങളെയും വിവിധ സംഘടനകളെയും അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും രമേഷ് നന്മണ്ട പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.എസ്.പി വയനാട് ജില്ലാ പ്രസിഡണ്ട് ഗോപകുമാർ കാട്ടിക്കുളം, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.ടി.വാസു എന്നിവർ പങ്കെടുത്തു.



Leave a Reply