കാര്‍ഷിക യന്ത്ര ഉപയോഗം : സംസ്ഥാനതല പരിശീലന പരിപാടി സമാപിച്ചു

പുത്തൂര്‍വയല്‍: കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ വൈദഗ്ധ്യം നല്‍കുന്നതിനായി സംഘടിപ്പിച്ച സംസ്ഥാന തല പരിശീലന പരിപാടി സമാപിച്ചു. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു പരിശീലനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടുകൂടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആയിരുന്നു 21 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്. കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യന്ത്രങ്ങളില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് നിരവധി സാധ്യതകള്‍ ഉണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നസീമ ടീച്ചര്‍ പറഞ്ഞു.
വിവിധ കാര്‍ഷിക വിളകളില്‍ ഉല്പാദനത്തിനും വിളവെടുപ്പിനും, മൂല്യ വര്‍ദ്ധനവിനും ഉപയോഗിക്കാന്‍ കഴിയുന്ന 35 യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും, കേടുപാടുകള്‍ തീര്‍ക്കുന്നതിലും പരിശീലനം നല്‍കി. വിവിധ മേഖലകളിലെ വിദഗ്ധന്മാര്‍ പല ദിവസങ്ങളിലായി പരിശീലന പരിപാടികളില്‍ വിദ്യാര്‍ത്ഥികളോടൊത്ത് സംവദിക്കുകയും പല യന്ത്രങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനാര്‍ത്ഥികളെ വയനാടിന്റെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും വിദഗ്ധന്മാരുമായി കൂടിക്കാഴ്ച നടത്താനും അവസരം നല്‍കി. സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോടിന്റെ സഹായത്തോടു കൂടി പരിശീലനം സിദ്ധിച്ചവര്‍ക്ക് കാര്‍ഷിക ഉപകരണ കിറ്റുകള്‍ നല്‍കി.
സമാപന സമ്മേളനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ ഷക്കീല പരിശീലനാര്‍ത്ഥികള്‍ക്ക് ഉപകരണ കിറ്റുകള്‍ കൈമാറി. വയനാട് ആദിവാസി വികസന സമിതി പ്രസിഡന്റ് എ. ദേവകി മുഖ്യ പ്രഭാഷണം നടത്തി. കേശവന്‍,നൗഷിക്, സുജിത്, ജോസഫ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.



Leave a Reply